+

ഡൽഹി എയിംസിന് മുമ്പിൽ തെരുവിൽ കഴിയുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും സന്ദർശിച്ച് രാഹുൽ ഗാന്ധി

എയിംസ് ആശുപത്രിക്ക് പുറത്ത് തെരുവിൽ കഴിയുന്ന രോഗികളേയും കൂട്ടിരുപ്പുകാരേയും സന്ദർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. റോഡുകളിലും ഫൂട്ട്പാത്തിലും സബ്വേകളിലും കഴിയുന്ന ​ആളുകളെയാണ് രാഹുൽ സന്ദർശിച്ചത്. എക്സ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ന്യൂഡൽഹി : എയിംസ് ആശുപത്രിക്ക് പുറത്ത് തെരുവിൽ കഴിയുന്ന രോഗികളേയും കൂട്ടിരുപ്പുകാരേയും സന്ദർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. റോഡുകളിലും ഫൂട്ട്പാത്തിലും സബ്വേകളിലും കഴിയുന്ന ​ആളുകളെയാണ് രാഹുൽ സന്ദർശിച്ചത്. എക്സ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

ഡൽഹി എയിംസിൽ സൗകര്യങ്ങൾ ഒരുക്കാത്തതിന് കേന്ദ്രസർക്കാറിനേയും ഡൽഹി സർക്കാറിനേയും രാഹുൽ ഗാന്ധി വിമർശിക്കുകയും ചെയ്തു. എയിംസ് ആശുപത്രിക്ക് പുറത്ത് കിടന്നുറങ്ങാൻ നിർബന്ധിതരായ രോഗികളേയും അവരുടെയും കുടുംബാംഗങ്ങളെയും കണ്ടുവെന്ന് ഇതുസംബന്ധിച്ച വിഡിയോ എക്സിൽ പങ്കുവെച്ച് രാഹുൽ കുറിച്ചു.

രോഗികൾക്കും കൂട്ടിരിപ്പുകാർ അഭയസ്ഥാനം, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ ഒരു സൗകര്യവും ഇല്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഡൽഹി-കേന്ദ്രസർക്കാറുകൾ എന്തിനാണ് ഇവർക്കെതിരെ കണ്ണടക്കുന്നതെന്നും രാഹുൽ ഗാന്ധി ഹിന്ദിയിൽ എക്സിൽ കുറിച്ചു. ഇത് തികച്ചും പരിഹാസ്യമാണ്. ഇവിടുത്തെ ആളുകൾ കഷ്ടപ്പെടുകയാണ്. അവർ ഓരോ നിമിഷവും മരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തെ ആം ആദ്മി പാർട്ടിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കെജ്രിവാളും നരേന്ദ്ര മോദിയും വ്യാജ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് ഡൽഹി എയിംസിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം.

facebook twitter