കൊല്ലത്തെ പുനലൂർ താലൂക്ക് ആശുപത്രിയിൽ യുവതി മരിച്ചു; ചികിത്സ നൽകുന്നതിൽ അധികൃതർ അനാസ്ഥ കാണിച്ചെന്ന് കുടുംബത്തിന്റെ ആരോപണം

09:25 AM Oct 21, 2025 | Neha Nair

കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കോട്ടവട്ടം സ്വദേശിനിയായ അശ്വതി ആണ് മരിച്ചത്. യുവതിക്ക് ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ അനാസ്ഥ കാണിച്ചെന്നും വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് വൈകുന്നേരമാണ് യുവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ച യുവതി രാത്രിയോടെ മരണപ്പെടുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ച ഉടൻ ചികിത്സ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടെന്നും കൃത്യമായ പരിചരണം നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇത് ചികിത്സാ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.