കൊല്ലം : കൊല്ലം പൂരത്തിൽ കുടമാറ്റത്തിനിടെ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയതിൽ വിവാദം. നവോത്ഥാന നായകർക്കൊപ്പം കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയത് വിവാദമായി. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ആർഎസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തിയത്. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് നടപടി.
കുടമാറ്റത്തിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ അടക്കം ഉയർത്തിയിരുന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം പൂരത്തിന്‍റെ ഭാഗമായുള്ള കുടമാറ്റം കാണാൻ പതിനായിരങ്ങളാണ് ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയത്. രാവിലെ മുതൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള 11 ചെറുപൂരങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. തുടർന്ന് ആന നീരാട്ടും ആനയൂട്ടും നടന്നു.
കൊടിയിറക്ക് ചടങ്ങിന് ശേഷം തിടമ്പേറ്റിയ ഗജവീരൻ തൃക്കടവൂർ ശിവരാജു പടിവാതിലിൽ നിന്നതോടെ ക്ഷേത്രത്തിനു മുന്നിലെ കുടമാറ്റം ആരംഭിച്ചു. താമരക്കുളത്തിന് വേണ്ടി അമ്പാടി ബാലനും പുതിയ കാവിന് വേണ്ടി പുത്തൻകുളം അർജുനനും തിടമ്പേറ്റി. ക്ഷേത്രത്തിൽ 200 കലാകാരന്മാർ ചേർന്ന് ആൽത്തറ മേളം നടത്തി. അശ്രാമം മൈതാനത്ത് കുടമാറ്റത്തിന് ശേഷം താമരക്കുളം വിഭാഗവും പുതിയകാവും ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരത്തിന് പരിസമാപ്തിയായി.