കൊല്ലം : കേക്കുകൾ കൂടുതൽകാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസർവേറ്റീവുകൾ ചേർക്കുന്നത് നിയന്ത്രിക്കാൻ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 32 സാമ്പിളുകൾ എടുത്തതിൽ 10 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉൽപാദകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായി ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു.
പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോവേറ്റ് എന്നിവ ചേർക്കുന്നതിന് നിശ്ചിതപരിധി ഭക്ഷ്യസുരക്ഷ നിയമപ്രകാരം അനുവദിച്ചിട്ടുണ്ട്. അളവിൽ കൂടുതൽ ചേർത്താൽ പരിശോധനാഫലം പ്രതികൂലമായി രേഖപ്പെടുത്തി ഉൽപാദകർക്കെതിരെ പ്രോസികൂഷൻ നടപടികളാണ് സ്വീകരിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം 67 കേക്കുകൾ ലാബ് പരിശോധന നടത്തിയതിൽ 32 എണ്ണം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിരുന്നു.
പൊട്ടാസ്യം സോർബേറ്റ്, സോഡിയം ബെൻസോവേറ്റ് എന്നിവ 10 കിലോ കേക്കിൽ പരമാവധി 10 ഗ്രാം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ചെറുകിട ഉൽപാദകർ പ്രിസർവേറ്റീവ്‌സിന്റെ ഉപയോഗരീതിയും നിയന്ത്രണവും സംബന്ധിച്ച സംശയനിവാരണത്തിന് ഭക്ഷ്യസുരക്ഷ ഓഫീസർമാരെ സമീപിക്കണം. സൗജന്യമായി നൽകുന്ന ഫോസ്റ്റാക് പോലുള്ള പരിശീലനങ്ങളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നും അറിയിച്ചു.
എല്ലാ ഉൽപാദകരും ഉൽപന്നങ്ങൾ ആറ് മാസത്തിൽ ഒരിക്കൽ ലാബ് ടെസ്റ്റ് നടത്തി സുരക്ഷിതമാണെന്ന് ഉറപ്പ്‌വരുത്തണം. വീടുകളിൽ കേക്കുകൾ ഉണ്ടാക്കി വിൽപനനടത്തുന്നവർ ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്ന് രജിസ്‌ട്രേഷനും എടുക്കണം. അഞ്ച് വർഷത്തെ രജിസ്‌ട്രേഷന് 500 രൂപയാണ് ഫീസ്. ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലാതെയുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വ്യാപാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ കർശന പരിശോധനകൾ ഉണ്ടാകുമെന്നും സാമ്പിളുകൾ ശേഖരിക്കുന്നതിന് ജില്ലയിൽ അഞ്ച് സ്‌ക്വാഡുകൾ രൂപീകരിച്ചതായും അറിയിച്ചു.