കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിലെ പുതിയ കഴകക്കാരനും ഈഴവ സമുദായാംഗം. ഈഴവസമുദായാംഗമായ കെ.എസ് അനുരാഗിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അഡ്വൈസ് മെമ്മോ അയച്ചു. നിയമന ഉത്തരവ് കിട്ടിയാലുടൻ ജോലിയിൽ പ്രവേശിക്കുമെന്ന് അനുരാഗ് അറിയിച്ചു.
റാങ്ക് പട്ടികയിലെ ഒന്നാമനായ ബി.എ ബാലു ഈഴവ സമുദായാംഗമാണെങ്കിൽ ജനറൽ വിഭാഗത്തിലാണ് കഴകക്കാരനായി നിയമനം ലഭിച്ചത്. രണ്ടാംസ്ഥാനം ഈഴവ സംവരണമായതിനാലാണ് സപ്ലിമെന്ററി ലിസ്റ്റിൽ നിന്നും 23കാരനായ അനുരാഗിന് അവസരം ലഭിച്ചത്. ചേർത്തല കളവംകോടം സ്വദേശിയായ അനുരാഗ് ബികോം ബിരുദദാരിയാണ്. ഇപ്പോൾ എറണാകുളത്തെ ഓഡിറ്റിങ് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനത്തെ തുടര്‍ന്ന് ഫെബ്രുവരി 24നാണ് ബാലു കൂടല്‍മാണിക്യത്തില്‍ കഴകക്കാരനായി ചുമതലയേറ്റത്. പിന്നാലെ ബാലുവിന്റെ നിയമനത്തിനെതിരെ തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തിയതോടെ അദ്ദേഹത്തെ ഓഫീസ് ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഈഴവനാണ് ചൂണ്ടിക്കാട്ടിയാണ് ബാലുവിന്റെ നിയമനത്തെ തന്ത്രിമാര്‍ എതിര്‍ത്തത്.
ഫെബ്രുവരി 24 മുതല്‍ ഇരിങ്ങാലക്കുടയിലെ ആറ് തന്ത്രി കുടുംബ അംഗങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കേണ്ടതിനാല്‍ മാര്‍ച്ച് ഏഴിന് ഭരണസമിതി ചര്‍ച്ച വിളിച്ചു. തുടര്‍ന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.