കോട്ടയത്തെ ഇരട്ടക്കൊലപാതകം: വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്

10:40 AM Apr 27, 2025 | Kavya Ramachandran

കോട്ടയം:  കൊല്ലപ്പെട്ട കോട്ടയം ഇന്ദ്രപ്രസ്ഥം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (70), ഭാര്യ ഡോ. മീര (67) എന്നിവരുടെ സംസ്കാരം ഞായറാഴ്ച നടക്കും.

രാവിലെ എട്ടിന് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ പത്തുവരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവാതുക്കലിലുള്ള വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം. വിദേശത്തായിരുന്ന മകൾ ഗായത്രി വെള്ളിയാഴ്ച വീട്ടിലെത്തി.

അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന പ്രതി അമിത്ത് ഉറാങ്ങിനെ(24) തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ വെള്ളിയാഴ്ച കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ചിരുന്നു. അഞ്ചുദിവസത്തേക്ക്‌ കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും.