കോട്ടയം : പാലായില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വകുപ്പുതല അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് (അക്കാദമിക്) മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കുകയും ഉപദ്രവിക്കുകയും പിന്നീട് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പിതാവിന്റെ പരാതിയിന്മേലാണ് സംഭവം പുറത്തറിയുന്നത്.
അതെക്ലാസിലെ 7 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു കുട്ടിയെ ഉപദ്രവിച്ചിരുന്നത്.വിദ്യാര്‍ത്ഥികള്‍ തന്നെയാണ് മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചതായും പിതാവ് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു.