കൊട്ടിയൂർ: ദക്ഷിണ കാശിയിൽ 27 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കാൻ ഇനി നാലുനാൾ കൂടി ശേഷിക്കേ അക്കരെ കൊട്ടിയൂരിൽ നിന്നും സ്ത്രീകളും, ഗജവീരൻമാരും വിശേഷ വാദ്യക്കാരും മടങ്ങി.ഉൽസവ നഗരിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതോടെ പെരുമാളിനെ വണങ്ങി ആയിരക്കണക്കിന് സ്ത്രീകൾ മഹോൽസവ നഗരിയോട് വിടവാങ്ങി.മകം നാളിലെ ഉച്ചശീവേലിക്കു ശേഷമാണ് ഗജവീരൻമാർ കൊട്ടിയൂരപ്പനെ വണങ്ങി പ്രസാദവും സ്വീകരിച്ച് അക്കരെ സന്നിധാനത്തു നിന്നും വിടവാങ്ങിയത്. ആനയൂട്ടും നടത്തി.
ഇതോടൊപ്പം അക്കരെ കൊട്ടിയൂർ സന്നിധിയെ ഭക്തി സാന്ദ്രമാക്കിയിരുന്ന വിശേഷ വാദ്യക്കാരും വിട വാങ്ങി.ഭക്ത ജന പ്രവാഹമായിരുന്നു അക്കരെ സന്നിധിയിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത്.ഉച്ചശീവേലിക്കു ശേഷം സ്ത്രീ ഭക്തജനങ്ങളും അക്കരെ കൊട്ടിയൂരിൽ നിന്നും പിൻ വാങ്ങിയത്തോടെ അക്കരെ സന്നിധി ഗൂഢ പൂജകൾക്ക് വഴിമാറി. മുഴക്കുന്ന് നല്ലൂരിൽ നിന്നും സ്ഥാനികൾ എഴുന്നള്ളിച്ച കലങ്ങൾ അക്കരെ കൊട്ടിയൂരിൽ എത്തിച്ചതോടെ കല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ മൂന്നിന് കലശപൂജ, അത്തം ചതുശ്ശതം,വാളാട്ടം, നാലിന് തൃക്കലശാട്ടോടെ ഉൽസവം സമാപിക്കും.