തോളിൽ കൈവെച്ചത് മാറ്റാൻ പറഞ്ഞു; കോഴിക്കോട് സ്വകാര്യബസിൽ യാത്രക്കാരന് മർദ്ദനം

10:53 AM Apr 22, 2025 | AJANYA THACHAN

കോഴിക്കോട് :  പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരന് മർദ്ദനം. ബസിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശി നിഷാദിനെ, ഒപ്പം യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവറും പറമ്പിൽബസാർ സ്വദേശിയുമായ റംഷാദാണ് ക്രൂരമായി അക്രമിച്ചത്. പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷമാണ് കേസിന് ആസ്പദമായ സംഭവം.  യാതൊരു പ്രകോപനവുമില്ലാതെ ആയിരുന്നു ആക്രമണം.

നിഷാദിന്‍റെ തോളിൽ പ്രതി റംഷാദ് കൈവച്ചത് മാറ്റാൻ പറഞ്ഞതാണ് പ്രകോപന കാരണം. നിഷാദിന്‍റെ മുഖത്ത് അടിക്കുകയും, നെഞ്ചിൽ ചവിട്ടേൽക്കുന്നത് ബസിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പിന്നീട് ബലംപ്രയോഗിച്ച് റംഷാദ് നിഷാദിനെ ബസിൽ നിന്ന് ഇറക്കി വിടുകയുമായിരുന്നു. നിഷാദിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 13000 രൂപ വിലയുള്ള മൊബൈൽ ഫോണും, 4500 രൂപയും പ്രതി ബലംപ്രയോഗിച്ച് കവർന്നെടുത്തതായും പരാതിയിൽ പറയുന്നു.