ഇപ്പോൾ പാസാക്കിയ വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് മുനമ്പം നിവാസികൾക്ക് ആശ്വാസം പകരുന്നത്; വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീന‍ർ ‌ടിപി രാമകൃഷ്ണൻ

01:46 PM Apr 16, 2025 | AJANYA THACHAN

കോഴിക്കോട് : ഇപ്പോൾ പാസാക്കിയ വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് മുനമ്പം നിവാസികൾക്ക് ആശ്വാസം പകരുന്നതെന്ന് വ്യക്തമാക്കണമെന്ന് എൽഡിഎഫ് കൺവീന‍ർ ‌ടിപി രാമകൃഷ്ണൻ. മുനമ്പത്ത് കൈവശക്കാർക്ക് അവകാശം ലഭിക്കണമെന്നാണ് ഇടതു പക്ഷത്തിൻ്റെ നിലപാട്. 

കിരൺ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞത് നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മുനമ്പം നിവാസികളെ വഞ്ചിച്ചത് എന്നും അദ്ദേഹം ചോദിച്ചു. വഖഫ് ചെയ്ത ഭൂമി പിടിച്ചെടുക്കാൻ കഴിയില്ലെന്നും എന്നാൽ അതിനുള്ള നിയമാണ് ഇപ്പോൾ പാസാക്കിയിട്ടുള്ളത് എന്നും ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിചേ‍‍ർത്തു. 

അതേസമയം നിലമ്പൂരിൽ സിപിഐ എം ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകുമോ എന്ന് പറയാൻ കഴിയില്ലെന്നും സ്ഥാനാർത്ഥിയാകാൻ യോഗ്യതയുള്ള സ്വീകാര്യനായ സ്വതന്ത്രരെയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ വഖഫ് മഹാറാലി അവരുടെ പരിപാടിയാണെന്നും അത് അവർ നടത്തട്ടെയെന്നും ടി പി രാമകൃഷ്ണൻ കൂട്ടിചേ‍‍ർത്തു. ലീഗിന്റെ എല്ലാ നിലപാടിനോടും എൽഡിഎഫിന് യോജിക്കാനാവില്ലെന്നും അതിനാൽ ലീഗുമായി യോജിച്ച് എൽ.ഡി.എഫ് സമരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.