മലപ്പുറം: എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂരില്‍ മെയ് ഒടുവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫിന് തലവേദനയായി പിവി അന്‍വറിന്റെ ഭീഷണി. ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്നാണ് രാജിവെച്ച മുന്‍ എംഎല്‍എ പിവി അന്‍വര്‍ നേരത്തെ യുഡിഎഫിനോട് നിര്‍ദ്ദേശിച്ചിരുന്നത്. ഇതേതുടര്‍ന്ന് വിഎസ് ജോയ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണവുമുണ്ടായി. എന്നാല്‍, ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തിനായി രംഗത്തെത്തിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിന് തലവേദനയാകും.
മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് അന്‍വറിന്റെ അവകാശവാദം. അതുകൊണ്ടുതന്നെ താന്‍ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. സ്ഥാനാര്‍ത്ഥിയായി ഷൗക്കത്ത് എത്തിയാല്‍ സഹകരിക്കില്ലെന്നാണ് അന്‍വറിന്റെ നിലപാട്. നേരത്തെ ഷൗക്കത്തുമായി അന്‍വര്‍ ഉടക്കിയിരുന്നു.
വിഎസ് ജോയിക്കേ പിന്തുണ നല്‍കൂ എന്നാണ് അന്‍വര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഷൗക്കത്തിനാണ് ലീഗിന്റെ പിന്തുണ. എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കേണ്ട നിര്‍ണായക തെരഞ്ഞെടുപ്പില്‍ ആരുടെ ബാഹ്യഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
മണ്ഡലത്തിന്റെ ചുമതലയുളള എപി അനില്‍ കുമാറുമായി പിവി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ വിഎസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിലപാട് അന്‍വര്‍ മുന്നോട്ട് വെച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്ന കാര്യവും ചര്‍ച്ചയായി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താം എന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് സ്ഥാനാര്‍ഥിയാവാന്‍ ആര്യാടന്‍ ഷൗക്കത്തും വി.എസ്. ജോയിയും തമ്മിലുള്ള തര്‍ക്കം. പാര്‍ട്ടി നേതൃത്വം ഇരുവരുമായും അനുനയ ചര്‍ച്ചകള്‍ നടത്തും. അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം മണ്ഡലത്തില്‍ നേടുമെന്നും അതിന് ഉതകുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം സ്ഥാനാര്‍ഥിയെ തിരുമാനിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ എപി അനില്‍ കുമാറിന്റെ പ്രതികരണം.