ഞാവൽപ്പഴമെന്ന് കരുതി കഴിച്ചത് വിഷക്കായ ; കോഴിക്കോട് 4 വിദ്യാർഥികൾ ആശുപത്രിയിൽ

09:50 AM Jul 07, 2025 |


കോഴിക്കോട്: താമരശേരിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച 4 വിദ്യാർഥികൾ ആശുപത്രിയിൽ. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതിയാണ് വിദ്യാർഥികൾ വിഷക്കായ കഴിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

താമരശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെയാണ് 3 വിദ്യാർഥികളെ കൂടി ആശുപത്രിയിൽ എത്തിച്ചത്. കാഴ്ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ളതാണ് ഈ വിഷക്കായ എന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.