+

ഗ്രാമപഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കും : മന്ത്രി വി അബ്ദുറഹിമാൻ

ഗ്രാമപഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലത്ത് നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌

കോഴിക്കോട് : ഗ്രാമപഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലത്ത് നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌പോർട്‌സ് കൗൺസിലുകൾ ഗ്രാമീണ മേഖലയിൽ ഇടപെടുന്നതോടെ കുട്ടികളിൽ കായിക സാക്ഷരത വളർത്താനും ലഹരി ഉപയോഗം പോലുള്ള ഗുരുതര സാമൂഹിക വിപത്തുകളിൽനിന്ന് അവരെ അകറ്റി നിർത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

കളിക്കളങ്ങളിൽ യുവജനങ്ങളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി നടപ്പാക്കുന്നത്. കളിക്കളം നിർമിക്കാൻ സ്ഥലമില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥലം വാങ്ങാൻ തുക അനുവദിക്കും. എല്ലാ പഞ്ചായത്തിലും ഒരു കായിക പരിശീലകനെ നൽകാനുള്ള നടപടികളിലേക്ക് സർക്കാർ എത്തിയിരിക്കുകയാണ്. ലഭ്യമായ ഓരോ കളിക്കളങ്ങളിലും കായിക പരിശീലനം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

വിവിധ പ്രദേശങ്ങളിൽ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും നിർമിക്കാൻ 2000 കോടിയിലധികം രൂപയുടെ നിക്ഷേപം സർക്കാർ നടത്തിയിട്ടുണ്ട്. കിഫ്ബി വഴിയുള്ള 1200 കോടിയിൽ 700 കോടിയോളം രൂപയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടുകൾ, തദ്ദേശ വകുപ്പുകളുടെ ഫണ്ടുകൾ എന്നിവയെല്ലാം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനായതായും മന്ത്രി കൂട്ടിച്ചേർത്തു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരിലാണ് പടനിലത്ത് സ്റ്റേഡിയം നിർമിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതികൾ ഉൾപ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപയും പി ടി എ റഹീം എംഎൽഎയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപ ചെലവിലാണ് നിർമാണം. 

ചടങ്ങിൽ പി ടി എ റഹീം എംഎൽ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, വൈസ് പ്രസിഡന്റ് അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ്ലാൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എൻ ഷിയോലാൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശബ്‌നാ റഷീദ്, യു സി പ്രീതി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ കെ സി നൗഷാദ്, നജീബ് പാലക്കൽ, എക്‌സി. എഞ്ചിനീയർ എ പി എം മുഹമ്മദ് അഷ്‌റഫ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

facebook twitter