കോഴിക്കോട്: കടകളിൽ പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേനെ എത്തി അക്കൗണ്ടിൽ നിന്നും പണം തട്ടിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. കതിരൂർ സ്വദേശി പിലാക്കണ്ടി മുഹമ്മദ് റാഷിദ് ആണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി പേരിൽ നിന്ന് പണം തട്ടിയെന്നതാണ് പരാതി.
വില്യാപ്പള്ളി കൊളത്തൂർ റോഡിലെ വട്ടപ്പൊയിൽ അമ്മദിന്റെ ഉടമസ്ഥതയിലുള്ള ഹിലാൽ കാറ്ററിങ് സ്ഥാപനത്തിൽ എത്തിയ ഇയാൾ ഉടമയെ കബളിപ്പിച്ച് 68,000 രൂപ തട്ടിയെടുത്ത പരാതിയിലാണ് കഴിഞ്ഞ ദിവസം പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ 5 പേരാണ് നിലവിൽ പരാതിയുമായി എത്തിയത്. ഇവരിൽ നിന്നും 6 ലക്ഷം രൂപയോളം കവർന്നതായാണ് പരാതി.
ചോറോട്, വില്യാപ്പള്ളി ടൗൺ, അമരാവതി എന്നിവിടങ്ങളിലെ കടക്കാരാണ് കബളിപ്പിക്കപെട്ടത്. പേടിഎം സെറ്റ് ചെയ്തു നൽകുന്ന സ്ഥാപനത്തിലെ ടെക്നിക്കൽ ജീവനക്കാരനായിരുന്നു റാഷിദ്. സാമ്പത്തിക തിരിമറികൾ നടത്തിയത് കണ്ടെത്തിയതോടെ ഇയാളെ സ്ഥാപനം ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. കമ്പനി ജീവനക്കാരനായിരുന്ന സമയത്ത് ബന്ധമുണ്ടായിരുന്ന സ്ഥാപനങ്ങളിൽ വീണ്ടുമെത്തി ഇയാൾ പേടിഎം തകരാർ പരിഹരിക്കാൻ ഉണ്ടെന്നും, ആധാറുമായി ലിങ്ക് ചെയ്യാൻ ഉണ്ടെന്നും ഉൾപ്പടെ പറഞ്ഞ് പണം തട്ടുകയായിരുന്നു