സംസ്ഥാനത്തെ 59 അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി നീക്കം

07:05 AM Apr 10, 2025 | Suchithra Sivadas

അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കാനുള്ള കെഎസ്ഇബി നീക്കത്തില്‍ ആശങ്ക. സംസ്ഥാനത്ത് കെഎസ്ഇബിയുടെ അധീനതയിലുള്ള 59 അണക്കെട്ടുകളുടെ ബഫര്‍ സോണ്‍ പരിധി വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതിലാണ് ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ആശങ്കയില്‍ കഴിയുന്നത്.

ഇടുക്കിയിലെ 24 അണക്കെട്ടുകളുടെ പരിസരത്ത് താമസിക്കുന്നവരെയാണ് തീരുമാനം ഏറ്റവുമധികം ബാധിക്കുക. പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെ,  ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിട്ടില്ലെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ പരിധിയിലുള്ള അണക്കെട്ടുകളുടെ ബഫര്‍സോണ്‍ പരിധി വ്യാപിക്കിപ്പാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിനൊടുവിലാണ് പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്ഇബി സമാന നടപടിക്ക് ഒരുങ്ങുന്നത്. ജലാശയത്തില്‍ ജണ്ട ഇട്ട് തിരിച്ച സ്ഥലത്തു നിന്ന് 20 മീറ്റര്‍ ചുറ്റളവില്‍ സമ്പൂര്‍ണ നിര്‍മ്മാണ നിരോധവനും 1000 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് എന്‍ ഒ സി നിര്‍ബന്ധമാക്കാനുമാണ് ലക്ഷ്യം. ഈ രീതിയിലുള്ള നിയന്ത്രണങ്ങള്‍ വന്നാല്‍ ഇടുക്കിയില്‍ മാത്രം ഒരു നഗരസഭയും 23 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയെ അത് പ്രതികൂലമായി ബാധിക്കും.