
കെഎസ്ഇബിയുടെ മൂന്നാര്‍ ചിത്തിരപുരത്തെ ഗസ്റ്റ് ഹൗസില്‍ അനധികൃതമായി താമസിച്ച മുന്‍ വൈദ്യുത മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളില്‍ നിന്നും വാടക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി വിജിലന്‍സ് ഉത്തരവ്. എംഎം മണി മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎല്‍എ കാലഘട്ടത്തില്‍ കഴിഞ്ഞ സെപ്തംബര്‍ വരെ 1198 ദിവസവുമാണ് ഗണ്‍മാന്‍മാരും ഡ്രൈവറും വാടക നല്‍കാതെ താമസിച്ചതെന്നാണ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. വാടക ഇനത്തില്‍ ആകെ 3,96,510 രൂപ അടയ്ക്കണമെന്നാണ് കണ്ടെത്തല്‍.
അതേസമയം മന്ത്രിയായിരുന്ന കാലത്തെ 37,110 രൂപ ഒഴിവാക്കുകയും എംഎല്‍എയായിരുന്ന കാലത്തെ വാടകയില്‍ ദിവസം 300 രൂപയെന്നത് 80 രൂപയാക്കി ഇളവ് നല്‍കി 95,840 രൂപ അടക്കാനാണ് ഉത്തരവ്. മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫ് താമസിച്ചതിന് വാടക ഒഴിവാക്കണമെന്ന് വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടത് ചെയര്‍മാന്‍ അംഗീകരിക്കുകയായിരുന്നു.
മിനിസ്റ്റീരിയല്‍ സ്റ്റാഫിന് ദിവസം 30 രൂപയും ഡ്രൈവര്‍ക്ക് 18 രൂപയുമാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാടക നല്‍കാതെ ഇവര്‍ താമസിക്കുകയായിരുന്നു. മന്ത്രിപദം ഒഴിഞ്ഞ ശേഷം എംഎം മണിയുടെ ഗണ്‍മാന്‍ ഈ മുറിയില്‍ താമസം തുടങ്ങി. വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്ന 2024 സെപ്തംബര്‍ വരെ ഗണ്‍മാന്‍ ഇവിടെ സ്ഥാപിച്ചതായാണ് കണ്ടെത്തല്‍.