കോഴിക്കോട് ഓടികൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

02:00 PM Oct 21, 2025 |


കോഴിക്കോട്: താമരശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ യാത്രക്കാരിക്ക് പരിക്ക്. ബസ് സഡൻ ബ്രേക്ക് ഇട്ടത്തിന് പിന്നാലെയാണ് യാത്രക്കാരി തെറിച്ചുവീണത്. അപകടത്തിൽ ഇവരുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോതമം​ഗലത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസിൽ നിന്നാണ് യാത്രക്കാരി തെറിച്ച് വീണത്. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു അപകടം.

കുന്നമം​ഗലം മുതൽ കെഎസ്ആർടിസി ബസിനെ മറികടക്കാനായി ഒരു സ്വകാര്യ ബസ് ശ്രമം നടത്തുന്നുണ്ടായിരുന്നു. താമരശ്ശേരിയിലെത്തിയപ്പോൾ അമിത വേഗത്തിലെത്തിയ ഇതേ സ്വകാര്യ ബസ് ഓവർ ടേക്ക് ചെയ്തപ്പോഴാണ് കെഎസ്ആർടിസി ബസ് സഡൻ ബ്രേക്കിട്ടത്. ഈ സമയത്ത് യാത്രക്കാരി ബസിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. കെഎസ്ആർടിസിയുടെ ഡോർ അടച്ചിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച യാത്രക്കാരിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.