തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാർ ഡാമിൽ രണ്ട് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കാട്ടാക്കടയിൽ നിന്ന് നെയ്യാർ ഡാമിലേക്ക് പോയ ബസ്സും ഡാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും ഓർഡിനറി ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തനിടെയാണ് അപകടം നടന്നത്. ഇതിൽ ഒരു ബസ്സിന്റെ ഡ്രൈവറായ വിജയകുമാർ ബസ്സിനുള്ളിൽ കുടുങ്ങിപ്പോയി. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് വിജയകുമാറിനെ പുറത്തെടുക്കാൻ സാധിച്ചത്. പരിക്കേറ്റവരെ മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.