ചാത്തന്നൂർ: തിങ്കളാഴ്ച 11 കോടി ലക്ഷ്യമിട്ട് സർവീസ് നടത്തിയ കെഎസ്ആർടിസി ലക്ഷ്യത്തിന് തൊട്ടരികെ വരെ എത്തി.ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി സർവകാല റിക്കാർഡ് നേടി. തിങ്കളാഴ്ചയിലെ ടിക്കറ്റ് കളക്ഷൻ 10.77 കോടി രൂപയാണ്. ടിക്കറ്റിതര വരുമാനമായി 0.76 കോടി രൂപയും ലഭിച്ചു. ആകെ വരുമാനം 11.53 കോടി രൂപ.ക
കഴിഞ്ഞവർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന 11 കോടി ടാർഗറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
ഓണം കഴിഞ്ഞ ആദ്യത്തെ തിങ്കളാഴ്ചയാണ് കെ എസ്ആർടിസി ഇതിന് മുമ്പ് പത്തു കോടിയിലധികം നേടിയത്. അന്ന് ടിക്കറ്റ് വരുമാനം 10.19 കോടിയും ടിക്കറ്റ് ഇതര വരുമാനം 86 ലക്ഷവുമായിരുന്നു. ഈ തിങ്കളാഴ്ച 11 കോടി നേടണമെന്ന് വാശിയിലായിരുന്നു കെഎസ്ആർടിസി.