ബസിൽവെച്ച് ദേഹാസ്വാസ്ഥ്യം ; കെഎസ്ആർടിസി ജീവനക്കാരുടെ ഇടപെടലിൽ രക്ഷപ്പെട്ടത് ഒരു ജീവൻ, ആശുപത്രിയിൽ കൂട്ടിരുന്ന് യാത്രക്കാർ

08:51 AM Jul 05, 2025 |


കാക്കൂർ: ബസിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ യാത്രക്കാരന് പുതുജന്മം നൽകി  കെഎസ്ആർടിസി ജീവനക്കാർ. കോഴിക്കോട്-കല്പറ്റ-മൈസൂരു റൂട്ടിലോടുന്ന ബസിലെ കാക്കൂർ ആറോളിപ്പൊയിൽ സ്വദേശിയായ കണ്ടക്ടർ സി.കെ. രഘുനാഥ്, ചേളാരി സ്വദേശിയായ ഡ്രൈവർ ടി.പി. സജീഷ് എന്നിവരാണ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട പുല്പള്ളി പാടിച്ചിറ സ്വദേശി ഷാജിയുടെ രക്ഷകരായത്.


കോഴിക്കോട്ടുനിന്ന്‌ മൈസൂരുവിലേക്കുള്ള ട്രിപ്പിൽ ഉച്ചയോടെ സുൽത്താൻബത്തേരിയിൽനിന്നാണ് നഞ്ചൻകോട്ടിലേക്ക് ഷാജി ബസിൽ കയറിയത്. ബസ് ബന്ദിപ്പുർ വനമേഖലയിലേക്ക് പ്രവേശിച്ചയുടനെ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബസിലുണ്ടായിരുന്ന നഴ്സിങ്‌ വിദ്യാർഥികളും യാത്രക്കാരും ചേർന്ന് പ്രാഥമികചികിത്സ നൽകി. തുടർന്ന് ഗുണ്ടൽപ്പേട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നെന്ന് കണ്ടക്ടർ സി.കെ. രഘുനാഥ് പറഞ്ഞു. 

വൈകാതെ ആശുപത്രിയിൽ എത്തിച്ചതിനാൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായി. ഷാജിയുടെ ബന്ധുക്കളെ വിവരമറിയിച്ച് അരമണിക്കൂറോളം ജീവനക്കാരും യാത്രക്കാരും ആശുപത്രിയിൽ ചെലവഴിച്ചു.