
അവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആർടിസി യാത്രയിൽ തിരക്കേറുന്നു. മൂന്നാർ, വാഗമൺ, ഗവി, തേക്കടി, കുമരകം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികൾ കെഎസ്ആർടിസി യാത്ര തിരഞ്ഞെടുക്കുന്നത്.കോട്ടയം സ്റ്റാൻഡിൽനിന്ന് മൂന്നാറിലേക്കാണ് കൂടുതൽ സഞ്ചാരികൾ യാത്ര പോകുന്നത്.
• ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി വഴി മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ഒരാൾക്ക് ചാർജ് 212 രൂപയാണ്. നാലു മുതൽ അഞ്ചു മണിക്കൂർ വരെ യാത്രാസമയം.
• മൂന്നാർ കഴിഞ്ഞാൽ യാത്രക്കാർ തിരഞ്ഞെടുക്കുന്ന മറ്റൊരു സ്ഥലം തേക്കടി. കോട്ടയത്തുനിന്ന് നേരിട്ട് രാവിലെ 9.50-നും വൈകീട്ട് 5.10-നുമാണ് സർവീസ് .ഇതിന് പുറമേ മറ്റ് സ്റ്റാൻഡുകളിൽ നിന്നെത്തുന്ന സർവീസുകളുമുണ്ട്. ടിക്കറ്റ് നിരക്ക് 161 രൂപ. മൂന്നുമുതൽ അഞ്ചു മണിക്കൂറാണ് യാത്രാസമയം. പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, കുമളി വഴിയാണ് തേക്കടി സർവീസ്.
• ആലപ്പുഴയാണ് മറ്റൊരു യാത്രായിടം. ബോട്ടിങ്ങും കടൽത്തീരവും ആസ്വദിക്കാനാണ് ആലപ്പുഴ യാത്രക്കാരുടെ പ്രധാന ലക്ഷ്യം. രാവിലെ 8.10 മുതൽ 5.40 വരെ അര മണിക്കൂർ ഇടവിട്ട് ആലപ്പുഴ സർവീസുണ്ട്. ടിക്കറ്റ് നിരക്ക് 100 രൂപ. ഓർഡിനറി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നീ ബസുകളും ആലപ്പുഴയ്ക്കുണ്ട്. ഇല്ലിക്കൽ, കുമരകം, കാവണാറ്റിൻകര, തണ്ണീർമുക്കം, ബണ്ട് റോഡ്, മണ്ണഞ്ചേരി വഴിയാണ് ആലപ്പുഴ സർവീസ്. പോകുംവഴി കുമരകവും തണ്ണീർമുക്കവും സന്ദർശിക്കുന്നവരും എണ്ണത്തിൽ മുന്നിലാണെന്ന് കോട്ടയം ടിക്കറ്റ് കൗണ്ടർ ഉദ്യോഗസ്ഥൻ മനോജ് പറഞ്ഞു.
• കോട്ടയത്തിന് പുറമേ ഈരാറ്റുപേട്ട, ചേർത്തല, പാലാ, ചങ്ങനാശ്ശേരി സ്റ്റാൻഡുകളിൽനിന്നും വിവിധ വിനോദസഞ്ചാരമേഖലകളിലേക്ക് ബസുണ്ട്. =
• ഈരാറ്റുപേട്ടയിൽനിന്നും ആലപ്പുഴ, ചേർത്തലയിൽനിന്നും പഴനി, പാലായിൽ നിന്നും ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, വാഗമൺ, ചങ്ങനാശ്ശേരിയിൽനിന്ന് മൂന്നാർ, ഗവി മേഖലകളിലേക്കും ബസുണ്ട്.
കേരളത്തിനകത്തും പുറത്തേക്കുമുളള ആരാധനാലയങ്ങളിേലക്കും യാത്രക്കാരുടെ തിരക്കുണ്ട്. ഗുരുവായൂർ, ചക്കുളത്തുകാവ്, മധുര, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കാണ് കൂടുതൽ തിരക്ക്. യാത്രക്കാർ കൂടിയതോടെ നിർത്തലാക്കിയ കോട്ടയം-വേളാങ്കണ്ണി ബസ് സർവീസ് പുനരാരംഭിച്ചു.
• ചങ്ങനാശ്ശേരിയിൽനിന്ന് ദിവസവുമുള്ള വേളാങ്കണ്ണി സർവീസ് വൈകീട്ട് മൂന്നിന് കോട്ടയത്ത് എത്തും. വേളാങ്കണ്ണിയിലേക്ക് 850 രൂപയാണ് ടിക്കറ്റ് നിരക്ക്.
• അവധിക്കാലത്തിന്റെ തുടക്കത്തിൽ മധുരയിലേക്ക് തിരക്ക് കൂടുതലായിരുന്നു. രാത്രി 8.30-നും 9.30-നും സർവീസുണ്ട്. ഇതിനുപുറമേ മംഗലാപുരം, തെങ്കാശി, ബെംഗളൂരു എന്നിവിടങ്ങളിലേക്കും കോട്ടയത്തുനിന്ന് സർവീസുണ്ട്.