ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ

06:15 AM Dec 18, 2025 |


തിരുവനന്തപുരം: ഇക്കുറി ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകളാണ്  രുചികരമായ വിവിധയിനം കേക്കുകളുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

ആവശ്യക്കാർക്ക് കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ വഴി ഡിസംബർ 19 മുതൽ ഒാൺലൈനായി കേക്കുകൾ ഒാർഡർ ചെയ്യാം.

അവ വീടുകളിൽ എത്തിക്കുന്ന വിധമാണ് സൗകര്യം ചെയ്തിരിക്കുന്നത്. ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പുതിയ കാൽവയ്പ്പ്. ഒാരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കേക്ക് ഡയറക്ടറി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി എന്നിവർ സന്നിഹിതരായിരുന്നു.