കുവൈത്ത് വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗ് നിര്‍ത്തലാക്കി

01:57 PM Nov 05, 2025 | Suchithra Sivadas

യാത്രാ കേന്ദ്രങ്ങളിലുണ്ടായിരുന്ന തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായി കുവൈത്തിന്റെ കര, വ്യോമ, കടല്‍ അതിര്‍ത്തികളില്‍ എന്‍ട്രി, എക്‌സിറ്റ് കേന്ദ്രങ്ങളില്‍ ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗ് ഇനി ഉണ്ടാകുകയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന് പകരമായി കുവൈത്തി പൗരന്മാര്‍ യാത്രയ്ക്ക് മുന്‍പ് തന്നെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന്റെ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ സെന്ററുകളിലോ അല്ലെങ്കില്‍ നാഷണല്‍ ഐഡന്റിറ്റി സെന്ററുകളിലോ വെച്ച് ബയോമെട്രിക് ഫിംഗര്‍പ്രിന്റിംഗ് പൂര്‍ത്തിയാക്കണം.


താമസക്കാരെ സംബന്ധിച്ചിടത്തോളം, രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിന്റെ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ സെന്ററുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാവുക. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ എല്ലാ അതിര്‍ത്തി കടക്കല്‍ കേന്ദ്രങ്ങളിലെയും യാത്രാ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും യാത്രക്കാരുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വിശദീകരിച്ചു.