രാജ്യത്ത് ആദ്യമായി മെഡിക്കല്‍ രംഗത്ത് ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് കുവൈത്തി മെഡിക്കല്‍ സംഘം. ജാബര്‍ അല്‍ അഹ്‌മദ് ആശുപത്രിയിലെ രോഗിയില്‍ വിദൂര റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാണ് ചരിത്രം സൃഷ്ടിച്ചത്.
ജഹ്‌റ ആശുപത്രിയിലിരുന്നാണ് സുരക്ഷിതമായ ആശയവിനിമയ സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് സര്‍ജിക്കല്‍ റോബോട്ടിനെ നിയന്ത്രിച്ചത്. ജാബര്‍ ആശുപത്രിയിലെ ഗൈനക്കോളജിക്കല്‍ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. വഫാ അല്‍ ദുവൈസാന്‍, ഈ ചരിത്ര സംഭവത്തില്‍ പങ്കെടുത്തതില്‍ അഭിമാനം രേഖപ്പെടുത്തി.
ഒരു രോഗിക്ക് വേണ്ടി രാജ്യത്തെ രണ്ട് ആശുപത്രികള്‍ക്കിടയില്‍ വെച്ച് നടത്തുന്ന ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയയാണ് ഇതെന്നും ഗൈനക്കോളജിക്കല്‍ ട്യൂമറുകള്‍ ബാധിച്ച രോഗിക്കാണ് ഇത് നടത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും വൈദ്യശാസ്ത്രത്തിലെയും ശസ്ത്രക്രിയയിലെയും ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകള്‍ക്കൊപ്പം മുന്നോട്ട് പോകുന്നതിനും കുവൈത്തി മെഡിക്കല്‍ ടീമുകള്‍ നടത്തിയ വലിയ പരിശ്രമങ്ങളുടെ സാക്ഷ്യമാണ് ഈ നേട്ടമെന്ന് ഡോ. അല്‍-ദുവൈസാന്‍ വിശദീകരിച്ചു.