+

സാധനങ്ങള്‍ നല്‍കാന്‍ വൈകി ; കടയിലെ ജീവനക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദിച്ച വ്യക്തിക്കായി അന്വേഷണം തുടങ്ങി

ഇരയുടെ മൊഴി അനുസരിച്ച് ലൈസന്‍സ് പ്ലേറ്റുകളില്ലാത്ത ഒരു കറുത്ത വാനിലാണ് പ്രതി എത്തിയതെന്ന് ജഹ്റ ഡിറ്റക്ടീവുകള്‍ അറിയിച്ചു.

കുവൈത്തില്‍ സാധനങ്ങള്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് കടയിലെ ജീവനക്കാരനായ പ്രവാസിയെ മര്‍ദിച്ച വ്യക്തിക്കായി അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഗ്രോസറി സ്റ്റോറിലെ പ്രവാസി തൊഴിലാളിയെ ആണ് അതിക്രൂരമായി ആക്രമിച്ച് അവശനാക്കിയത്. കൂടാതെ  മനഃപൂര്‍വം സ്റ്റോറിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. ഇരയുടെ മൊഴി അനുസരിച്ച് ലൈസന്‍സ് പ്ലേറ്റുകളില്ലാത്ത ഒരു കറുത്ത വാനിലാണ് പ്രതി എത്തിയതെന്ന് ജഹ്റ ഡിറ്റക്ടീവുകള്‍ അറിയിച്ചു.

ഗുരുതരമായ ആക്രമണവും മനഃപൂര്‍വമുള്ള നാശനഷ്ടവും എന്ന തരത്തിലാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

പ്രതി പലചരക്ക് കടയില്‍ നിര്‍ത്തി കുറച്ച് സാധനങ്ങള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ തിരക്ക് കാരണം തനിക്ക് അല്‍പ്പം കാലതാമസമുണ്ടായെന്ന് ജീവനക്കാരന്‍ വിശദീകരിച്ചു. ആവശ്യപ്പെട്ട സാധനങ്ങള്‍ ലഭിച്ചതിന് ശേഷം, പ്രതി വാഹനത്തില്‍ നിന്നിറങ്ങി ജീവനക്കാരനെ ശാരീരികമായി ആക്രമിക്കുകയും തുടര്‍ന്ന് കടയില്‍ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

facebook twitter