+

ലോ കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

കുളപ്പുള്ളി അൽ അമീൻ ലോ കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ പെട്രോൾ കുപ്പിയുമായെത്തി വിദ്യാർഥിനി ആത്മഹത്യാ ഭീഷണി മുഴക്കി.

ഷൊർണൂർ : കുളപ്പുള്ളി അൽ അമീൻ ലോ കോളേജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ പെട്രോൾ കുപ്പിയുമായെത്തി വിദ്യാർഥിനി ആത്മഹത്യാ ഭീഷണി മുഴക്കി. കോളേജിലെ അവസാന വർഷ വിദ്യാർഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളേജിലെ ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളിൽ ഹാജിറ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.

സസ്പെൻഷനിലുള്ള വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാർഥികൾ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയെങ്കിലും കോളേജ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായില്ല. തുടർന്ന് ഹാജിറ കുപ്പിയിൽ പെട്രോളുമായി വന്ന് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

വിദ്യാർഥിനി കുപ്പിയിൽ നിന്ന് പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നത് പൊലീസ് തടഞ്ഞതോടെ പെട്രോൾ ഓഫീസ് മുറിയിൽ ഒഴിച്ചു. ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്. വിഷയം ജില്ലാ കളക്ടറുടെ പക്കലെത്തിയതോടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളും കോളേജ് അധികൃതരുമായി ചർച്ച ഇന്നു രാവിലെ നടക്കും.

facebook twitter