ദുരന്ത ഭൂമിയിൽ നിയമപാലനം, തീരദേശത്ത് നിയമ ലംഘനത്തിന് കുടപിടിക്കൽ - ഈ സെക്രട്ടറിയെ മനസിലാകുന്നേയില്ല

06:45 AM Oct 19, 2025 | Desk Kerala

തളിപ്പറമ്പ്: നഗരസഭ എൻജിനീയറിങ് വിഭാഗം തീരദേശ പരിപാലന നിയമം ലംഘിച്ചതായും ദേശീയപാത പുറം പുറമ്പോക്ക് കൈയേറിയതായും കണ്ടെത്തിയ സ്ഥലത്ത് പ്രവർത്തനം തുടങ്ങിയ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങിൽ നഗരസഭാ സെക്രട്ടറി പങ്കെടുത്തത് വിവാദമാകുന്നു. 

ശനിയാഴ്ച വൈകുന്നേരം കുപ്പം പാലത്തിനു സമീപത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ആണ് നഗരസഭാ സെക്രട്ടറി കെ പി സുബൈർ പങ്കെടുത്ത് സംസാരിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള സംരംഭത്തിന് നഗരസഭയുടെ അനുമതി ഇല്ല എന്ന് സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 

ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഭരണസമിതിയിലെ അംഗങ്ങൾ തന്നെയാണ് ഈ സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചത്. കുപ്പം പുഴയോരത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്വകാര്യ സ്ഥാപനം നഗരസഭയുടെ അനുമതിയോടെ ആണോ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത് എന്ന് ഭരണപക്ഷ കൂടിയായ പി.സി നസീർ ചോദ്യം ഉന്നയിച്ചിരുന്നു. 

ഇതിന് മറുപടി നൽകിയ മുനിസിപ്പൽ എൻജിനീയർ താനും ഓവർസിയറും സ്ഥലം സന്ദർശിച്ച് വിഷയം പരിശോധിച്ചപ്പോൾ തീരദേശത്തെ നിർമ്മാണച്ചട്ടങ്ങൾ ലംഘിച്ചതായും ദേശീയ പാതാ പുറമ്പോക്ക് കൈയ്യേറിയതായും കണ്ടെത്തിയെന്ന് വെളിപ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ സെക്രട്ടറി ഈ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കാത്ത കാര്യം തനിക്കറിയില്ലെന്നാണ് മുനിസിപ്പൽ എൻജിനിയർ കൗൺസിലിൽ അറിയിച്ചത്. 

സ്ഥാപനത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചിലർ അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും എം.ഇ പറഞ്ഞിരുന്നു. കുപ്പത്ത് പുഴയോരത്ത്  നിന്ന് മാറി സ്ഥിതി ചെയ്യുന്ന സ്കൂൾ നിർമ്മാണ ചട്ടം ലംഘിച്ചു എന്നാരോപിച്ച് ആ സ്കൂളിലെ അധ്യാപകരുടെ വേതനം തടഞ്ഞു വച്ച സംഭവം കൗൺസിലർമാർ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഈ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത് ചെയർപേഴ്സൺ ആയിരുന്നു. എന്നാൽ ബി.ജെ.പി കൗൺസിലർ ചെയർപേഴ്സൺ അധ്യക്ഷയാകുന്നതിലെ അനൗചിത്യം ഉന്നയിക്കുകയും മറ്റ് കൗൺസിലർമാരും ആവശ്യപ്പെട്ടതോടെ ചടങ്ങിൽ നിന്നും ചെയർപേഴ്സൺ വിട്ടു നിന്നു. 

പിന്നീട് ഉദ്ഘാടകനായ എം.വി ഗോവിന്ദൻ എം.എൽ എ വേദിയിൽ വച്ച് ചിലർ രാഷ്ട്രീയമായി കണ്ട് ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നുവെന്ന് പരോക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇതേ ചടങ്ങിൽ നഗരസഭാ സെക്രട്ടറി പങ്കെടുത്ത് സംസാരിക്കുകയും ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

നഗരസഭ പെർമിറ്റ് നൽകാത്ത സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി പങ്കെടുത്തതിൻ്റെ ഔചിത്യമാണ് ആളുകൾ ചോദ്യം ചെയ്യുന്നത്. ദുരന്ത ഭൂമിയിലെ അവശിഷ്ടങ്ങൾ നിയമം പാലിച്ചേ നീക്കം ചെയ്യൂ എന്ന് ശാഠ്യം പിടിച്ച സെക്രട്ടറി തീരദേശ നിർമാണ ചട്ടവും ദേശീയപാതാ പുറമ്പോക്ക് കൈയ്യേറ്റവും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് പരക്കെ ആക്ഷേപം. 

കുപ്പം പുഴയോരത്ത് റിവർ ക്രൂയിസം പദ്ധതിയിൽ നിർമിച്ച ബോട്ട് ജെട്ടിയിലേക്ക് ഉള്ള വഴിയും പാർക്കിംഗ് സൗകര്യവും വിശ്രമ കേന്ദ്രവും ഇല്ലാതാക്കിയാണ് സ്വാകാര്യ സംരഭം നടത്താൻ വിട്ടുനൽകിയത്. ഇവർക്ക് സ്ഥലം നൽകിയതിനെ കുറിച്ചും വിവാദങ്ങൾ ഉയർന്നു വരുന്നുണ്ട്.