തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ തുടരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച് ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ളയിടങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് നിയമമന്ത്രി പി രാജീവ് ഇന്നലെ വ്യക്തമാക്കിയതോടെ പൊലീസിന് സമ്മര്‍ദമേറി.
കേസ് അന്വേഷണ കാലയളവില്‍ ബെയിലിന്‍ ദാസിനെ അഭിഭാഷക ജോലിയില്‍ നിന്ന് വിലക്കിയ ബാര്‍ കൗണ്‍സില്‍ നടപടിയെ അഡ്വ. ശ്യാമിലിയുടെ കുടംബം സ്വാഗതം ചെയ്തു. പ്രതിയെ പിടികൂടുന്നത് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.
മര്‍ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശാമിലി ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തന്നെ മര്‍ദിച്ച പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണെന്ന് അഭിഭാഷക ആരോപിച്ചിരുന്നു.