കേന്ദ്ര സർവിസിൽ ഗ്രൂപ് സി വിഭാഗത്തിൽപെടുന്ന ലോവർ ഡിവിഷൻ (എൽ.ഡി) ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) 2025ലെ കമ്പയിൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷക്ക് (സി.എച്ച്.എസ്.എൽ.ഇ) അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ. ഓൺലൈനിൽ ജൂലൈ 18 വരെ അപേക്ഷ സ്വീകരിക്കും. ഫീസ് 19 വരെ അടക്കാം. അപേക്ഷയിൽ തെറ്റുള്ളപക്ഷം 23, 24 തീയതികളിൽ തിരുത്താം.
ഒഴിവുകൾ:
നിലവിൽ ഏകദേശം 3131 ഒഴിവുകളാണുള്ളത്. സംസ്ഥാന/മേഖലാ തലങ്ങളിലെ ഒഴിവുകൾ ശേഖരിച്ചിട്ടില്ല. നിയമന കാലയളവിൽ ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം. വകുപ്പ് തസ്തിക, കാറ്റഗറി തിരിച്ചുള്ള ഒഴിവുകൾ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്രസർക്കാർ ഓഫിസുകളിലും ഭരണഘടനാ സ്ഥാപനങ്ങളിലും മറ്റുമാണ് നിയമനം. ശമ്പളനിരക്ക് എൽ.ഡി ക്ലർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 19,900-63,200 രൂപ; ഡാറ്റാ എൻട്രി ഓപറേറ്റർ ലെവൽ 4-25,500-81,100 രൂപ; ലെവൽ -5, 29,200-92,300 രൂപ. പട്ടികജാതി/വർഗം, ഒ.ബി.സി നോൺ ക്രീമിലെയർ, ഇ.ഡബ്ല്യൂ എസ്, വിമുക്ത ഭടന്മാർ, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് സംവരണമുണ്ട്.
യോഗ്യത:
പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എന്നാൽ കൺസ്യൂമർ അഫയേഴ്സ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ, സാംസ്കാരിക മന്ത്രാലയങ്ങളിലെ ഡാറ്റാ എൻട്രി ഓപറേറ്റർ തസ്തികക്ക് മാത്തമാറ്റിക്സ് അടക്കമുള്ള ശാസ്ത്ര വിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. 2026 ജനുവരി ഒന്നിനകം യോഗ്യത നേടിയിരിക്കണം.
പ്രായപരിധി:
1.1.2026ൽ 18-27 വയസ്സ്. 1999 ജനുവരി രണ്ടിന് മുമ്പോ 2008 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്. അപേക്ഷാ ഫീസ് -100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി/ വിമുക്ത ഭടന്മാർ എന്നീ വിഭാഗക്കാർക്കും ഫീസില്ല. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ജൂലൈ 18നകം അപേക്ഷിക്കേണ്ടതാണ്.
സെലക്ഷൻ:
ടയർ വൺ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഇംഗ്ലീഷ് ലാംഗ്വേജ് (അടിസ്ഥാന അറിവ്), ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂഡ് (ഗണിതശാസ്ത്ര നൈപുണ്യം), പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള 100 ചോദ്യങ്ങൾ പരമാവധി 200 മാർക്കിന്. ഒരുമണിക്കൂർ സയമം ലഭിക്കും. ഉത്തരം തെറ്റിയാൽ മാർക്ക് കുറയ്ക്കും. 2025 സെപ്റ്റംബർ എട്ടുമുതൽ 18 വരെയാണ് പരീക്ഷ.
കർണാടകം, കേരളം, ലക്ഷദ്വീപ് നിവാസികൾക്ക് എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ, ലക്ഷദ്വീപിൽ കവരത്തി, കർണാടകത്തിലെ ബെൽഗവി, ബംഗളൂരു, ഹബ്ബാളി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ഷിമോഗ, ഉഡുപ്പി പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കാം. 2026 ഫെബ്രുവരി-മാർച്ചിൽ നടത്തുന്ന ടയർ-2 പരീക്ഷയുടെ വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും. കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്/ടൈപ്പിങ് സ്കിൽ ടെസ്റ്റ് അഭിമുഖീകരിക്കേണ്ടതുണ്ട്.
ടയർ വൺ പരീക്ഷയിൽ യോഗ്യത നേടുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയ്താണ് ടയർ-2 പരീക്ഷക്ക് ക്ഷണിക്കുക. ടയർ-2 പരീക്ഷയിലെ മികവ് പരിഗണിച്ചാണ് മെരിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. അന്തിമ ഫലപ്രഖ്യാപനത്തിന് മുമ്പ് മെരിറ്റ് ലിസ്റ്റിലുള്ളവർക്കും നിയമനമാഗ്രഹിക്കുന്ന വകുപ്പും തസ്തികകളും മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുത്ത് ഓൺലൈനിൽ ഓപ്ഷൻ നൽകാൻ അവസരം ലഭിക്കും.