
തളിപ്പറമ്പ് : പാളയാട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയം വിവാദമാകുന്നു. സി.പി.ഐയുടെ സ്ഥാനാർത്ഥിയാണ് എൽ.ഡി.എഫിന് വേണ്ടി പാളയാട് വാർഡിൽ മത്സരിച്ചത്. ഇവിടെ വൻ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. യു.ഡി.എഫിന് 460 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫിന് 198 വോട്ടുകളും എൻ.ഡി.എയ്ക്ക് 55 വോട്ടുകളും ലഭിച്ചു. നേരത്തേ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് പാളയാട് വാർഡിൽ ഉണ്ടായിരുന്നതെങ്കിലും വാർഡ് പുനർ നിർണ്ണയത്തോടെ വാർഡിൽ എൽ.ഡി.എഫ് വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതോടെ ഞെട്ടിയിരിക്കുകയാണ്.
തളിപ്പറമ്പിലെ മുതിർന്ന സി.പി.എം നേതാവായിരുന്ന നിലവിൽ സി.പി.ഐ ജില്ലാ നേതാവുമായ കോമത്ത് മുരളിധരൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് എൽ.ഡി.എഫിൻ്റെ തോൽവി വിവാദമാക്കിയിരിക്കുന്നത്. പാളയാട് വാർഡിൽ ഞങ്ങളെ തോൽപ്പിച്ച മാന്യൻമാർക്ക് നന്ദി. പോരാട്ട വീഥിയിൽ ഇനിയും ഉണ്ടാകും എന്നാണ് മുരളീധരൻ്റെ പോസ്റ്റ്. സി.പി.എം കാലുവാരിയെന്ന രീതിയിൽ വന്ന പോസ്റ്റ് വൻ ചർച്ചയായിരിക്കുകയാണ്.

3 പോസ്റ്റൽ വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചത് ചൂണ്ടിക്കാണിച്ചാണ് കാലുവാരിയെന്ന വാദം ഉയർത്തുന്നത്. മുരളിധരൻ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത് മുതൽ പ്രദേശത്ത് സി.പി.എം സി.പി.ഐ വാക്ക്പ്പോരും സംഘർഷവും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും ഭിന്നത മറനീക്കി പുറത്തു വന്നിരുന്നു. പിന്നീട് ഇരു നേതൃത്വവും ഇടപെട്ട് ഒന്നിച്ചുള്ള പ്രചരണം നടത്തിയിരുന്നുവെങ്കിലും അണികൾക്കിടയിൽ നിലനിന്ന ഭിന്നതയാണ് തെരഞ്ഞെടുപ്പിൽ പ്രകടമായത്.പുഴക്കുളങ്ങര വാർഡിലെ തോൽവിയോടൊപ്പം പാളയാട് വാർഡിലെ കാലുവാരലും സി.പി.എമ്മിൻ്റെ ഭരണ മോഹത്തിന് തിരിച്ചടിയായി