
മുസ്ലിം ലീഗിനും മന്ത്രി കെ ബി ഗണേശ് കുമാറിനുമെതിരെ വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനേഡണ് അവരെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.
കൂടാതെ മന്ത്രി ഗണേശ് കുമാര്‍ തറയാണെന്നും ചൂടുകാലത്ത് കുടിക്കാനായി ബസിനുള്ളില്‍ വച്ച വെള്ളം പിടിച്ചിട്ട് ഗമ കാണിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കവെയായിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
'മുസ്ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ട് കൊടുക്കേണ്ടത്. അവരെ കൂട്ടുപിടിച്ച് നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകും. മുസ്ലിം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ ജീവനൊടുക്കുകയോ, നാടുവിടുകയോ വേണ്ടി വരും. പേരില്‍ തന്നെ അതൊരു മുസ്ലിം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മ എന്ന് പറയുകയും ചെയ്യും. മുസ്ലിം അല്ലാത്ത ഒരു എംഎല്‍എ എങ്കിലും പാര്‍ട്ടിയിലുണ്ടോ'യെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.