ലീലാവതി ആശുപത്രിയില്‍ 1500 കോടിയുടെ തട്ടിപ്പിന് പിന്നാലെ ദുര്‍മന്ത്രവാദവും

02:21 PM Mar 15, 2025 | Kavya Ramachandran

മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയിൽ  സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. ആശുപത്രിയുടെ മൂന്ന് മുൻ ട്രസ്റ്റിമാർക്കെതിരെ മുംബൈ പോലീസിന്റെ ഇഒഡബ്ല്യു അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 1500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നതിന്‍റെ പേരില്‍ മുന്‍ ട്രസ്റ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയില്‍ ദുർമന്ത്രവാദം നടന്നെന്ന ആരോപണവും ഉയരുന്നത്.

ദുർമന്ത്രവാദങ്ങൾ ട്രസ്റ്റികളുടെ ഓഫിസിന് താഴെയായി നടന്നെന്നും എട്ട് തലയോട്ടിയും, അസ്ഥികൂടങ്ങളും മുടിയും കണ്ടെത്തിയെന്നുമാണ് ആരോപണം. സംഭവത്തിൽ മുന്‍ ട്രസ്റ്റികള്‍ക്കെതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.

ജീവനക്കാര്‍ ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായ വസ്തുക്കള്‍ നിലവിലെ ട്രസ്റ്റികളുടെ ഓഫിസിന്‍റെ താഴെ കുഴിച്ചിട്ടിട്ടുണ്ട്. സാക്ഷികളുടെ സാന്നിധ്യത്തില്‍ നിലം കുഴിച്ചപ്പോള്‍ 8 കലശങ്ങള്‍ കണ്ടെത്തി. അതില്‍ മനുഷ്യാവശിഷ്ടങ്ങള്‍, അസ്ഥികള്‍, മുടി, അരി എന്നിവ ഉണ്ടായിരുന്നെന്നുമാണ് നിലവിലെ ട്രസ്റ്റികള്‍ ആരോപിക്കുന്നത്. ഒരു മുൻ ജീവനക്കാരനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ കണ്ടെത്തിയത് .

2002 നും 2023 നും ഇടയിൽ, ആരോപണ വിധേയരായ ‘ട്രസ്റ്റികൾ’ വ്യാജ രേഖകൾ ഉപയോഗിച്ച് ട്രസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആശുപത്രിയുടെ നിലവിലെ ട്രസ്റ്റിമാരിൽ ഒരാൾ പരാതി നൽകിയത്. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും വ്യക്തിഗത ചെലവുകൾക്കുമായി സ്വകാര്യ കേസുകൾക്കുള്ള അഭിഭാഷക ഫീസായി 85 കോടി രൂപ നിയമവിരുദ്ധമായി ചെലവഴിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ, വഞ്ചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട കേസ് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ അതിസമ്പന്നര്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണ് മുംബൈയിലെ ലീലാവതി ആശുപത്രി. കുത്തേറ്റ സെയ്ഫ് അലിഖാന്‍ ഇവിടെ ചികിത്സ തേടിയതും സമീപകാലത്താണ്.