+

സംസ്ഥാനത്തെ മദ്യശാലകളില്‍ നാളെ മുതല്‍ കുപ്പികള്‍ തിരികെ വാങ്ങല്‍ ആരംഭിക്കും

ബെവ്കോ ഔട്ട്ലെറ്റുകളില്‍  പുതിയ മാറ്റങ്ങള്‍. നാളെ മുതല്‍ കുപ്പികള്‍ തിരികെ വാങ്ങല്‍ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്

കണ്ണൂർ: ബെവ്കോ ഔട്ട്ലെറ്റുകളില്‍ പുതിയ മാറ്റങ്ങള്‍. നാളെ മുതല്‍ കുപ്പികള്‍ തിരികെ വാങ്ങല്‍ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം 20 ഷോപ്പുകളിലായിരിക്കും മദ്യക്കുപ്പികള്‍ തിരികെ ഏല്‍പ്പിക്കാൻ കഴിയുന്നത്. വാങ്ങിയ ബെവ്കോ ഔട്ട്ലെറ്റില്‍ മദ്യക്കുപ്പി കൊടുത്താല്‍ ഡെപ്പോസിറ്റ് തുകയായ 20രൂപ തിരികെ നല്‍കും.

ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വാങ്ങുന്നവരില്‍ നിന്ന് 20 രൂപ അധികം ഈടാക്കുന്ന 'ഡെപ്പോസിറ്റ്' പദ്ധതിയാണ് ബെവ്കോയില്‍ നടപ്പാക്കുന്നത്. കുപ്പി തിരികെ നല്‍കിയാല്‍ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികള്‍ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നല്‍കും. ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. 

പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്ബോള്‍ ലഭിക്കുമെന്നും അതിനാല്‍ മദ്യ വിലയില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് തിരുവനന്തപുരം, കണ്ണൂർ ജില്ലകളില്‍ പദ്ധതി ലടപ്പിലാക്കുന്നത്. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനം. 

facebook twitter