
സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്നുള്ള പല മീറ്ററുകളില്‍ ഒന്നാണ് ഒടിടിയില്‍ അവയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളും വ്യൂവര്‍ഷിപ്പും. എന്നാല്‍ തിയറ്ററുകളിലും ഒടിടിയിലും ഒരേ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ പലപ്പോഴും തികച്ചും വ്യത്യസ്തമാവാറുണ്ട്. എന്നാല്‍ വ്യൂവര്‍ഷിപ്പ് ആ ചിത്രത്തിനായി പ്രേക്ഷകരില്‍ എത്രത്തോളം കാത്തിരിപ്പ് ഉണ്ടായി എന്നതിന്‍റെ സൂചനയാവാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഒടിടി വ്യൂവര്‍ഷിപ്പ് കണക്കുകളില്‍ ഞെട്ടിക്കുകയാണ് ഒരു മലയാള ചിത്രം. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ യൂണിവേഴ്സിലെ ആദ്യ ഭാഗമായ ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ആ ചിത്രം.
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്ന പട്ടികയിലാണ് ഇത് ഉള്ളത്. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെയുള്ള ഒരു വാരത്തിലെ കണക്കുകളാണ് ഓര്‍മാക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം പ്രസ്തുത വാരത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ഒടിടിയില്‍ കണ്ട ചിത്രം ലോകയാണ്. ഇന്ത്യന്‍ സിനിമയിലെ വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ കാന്താര ചാപ്റ്റര്‍ 1 പോലും ലോകയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേ ഉള്ളൂ.
ലോകയും കാന്താരയും ഒരേ ദിവസമാണ് ഒടിടിയില്‍ എത്തിയത്. ഒക്ടോബര്‍ 31 ന്. ഇതില്‍ ലോക കണ്ടത് 38 ലക്ഷം പേരാണെങ്കില്‍ കാന്താര കണ്ടിരിക്കുന്നത് 35 ലക്ഷം പേരാണ്. മൂന്ന് ദിവസത്തെ വ്യൂവര്‍ഷിപ്പ് ആണ് ഇരു ചിത്രങ്ങളുടേതും. ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റ് എങ്കിലും ചിത്രങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകരുടെ എണ്ണമാണ് ലിസ്റ്റില്‍ ഉള്ളത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ലോകയുടെ റിലീസ്. കാന്താര എത്തിയത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും. എന്നാല്‍ കാന്താര ഹിന്ദി പതിപ്പ് ഒടിടിയില്‍ എത്തിയിട്ടില്ല. മറിച്ച് തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ മാത്രമാണ് ഒക്ടോബര്‍ 31 ന് എത്തിയത്.
എന്നാല്‍ ലോകയാവട്ടെ ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴ് ഭാഷകളില്‍ ഹോട്ട്സ്റ്റാറില്‍ കാണാം. പവന്‍ കല്യാണ്‍ നായകനായ ദേ കോള്‍ ഹിം ഒജി ആണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബര്‍ 23 ന് എത്തിയ ചിത്രം പ്രസ്തുത വാരത്തില്‍ നേടിയിട്ടുള്ളത് 30 ലക്ഷം കാഴ്ചകള്‍ ആണ്. ഹിന്ദി ചിത്രം പരം സുന്ദരിയാണ് നാലാമത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 10 ന് എത്തിയ ചിത്രം പ്രസ്തുത വാരത്തില്‍ നേടിയത് 28 ലക്ഷം കാഴ്ചകള്‍ ആണ്. ധനുഷ് നായകനായ തമിഴ് ചിത്രം ഇഡ്ലി കടൈ ആണ് അഞ്ചാമത്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബര്‍ 29 ന് എത്തിയ ചിത്രം നേടിയത് 20 ലക്ഷം കാഴ്ചകള്‍ ആണ്.