അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചുതന്നെ. ലോസ് ആഞ്ചലസില്‍ വിവിധയിടങ്ങളില്‍ ഇന്നലെയും വ്യാപക റെയ്ഡ് നടന്നു. പ്രക്ഷോഭകരെ അടക്കം ലോസ് ആഞ്ചലസില്‍ ഇന്നലെ 400 ഓളം പേരെയാണ് നാഷണല്‍ ഗാര്‍ഡും പൊലീസും അറസ്റ്റ് ചെയ്തത്. ഇതില്‍ 330 പേരെ കൃത്യമായ രേഖകളില്ലാത്തതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതടക്കമുള്ള കുറ്റം ചൂണ്ടിക്കാട്ടി 157ഓളം പേരെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രക്ഷോഭത്തിനെതിരെയുള്ള നടപടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റതെന്ന് പ്രസ് ക്ലബ്ബിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റെയ്ഡിന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസിനെ അനുഗമിക്കുന്നതിനായി ട്രംപ് ഭരണകൂടം കൂടുതല്‍ നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചു. ബുധനാഴ്ച അഞ്ഞൂറോളം നാഷണല്‍ ഗാര്‍ഡുകളെ കൂടി വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ റെയ്ഡിന്റെ ഭാഗമായി ആകെ വിന്യസിച്ചിട്ടുള്ള നാഷണല്‍ ഗാര്‍ഡുകളുടെ എണ്ണം നാലായിരം ആയി. എഴുന്നൂറ് മറൈന്‍ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തിന്റെ റെയ്ഡ് നടപടിക്കെതിരെ ലോസ് ആഞ്ചലസ് മേയര്‍ കാരന് ബാസ് ഇന്നലെയും രംഗത്തെത്തി. റെയ്ഡ് പ്രകോപനകരമാണെന്നായിരുന്നു കാരന് ബാസ് പറഞ്ഞത്. റെയ്ഡ് ജനങ്ങളെ ഭയപ്പെടുത്തുകയും പരിഭ്രാന്തരാക്കുകയും ചെയ്തതായും കാരന് ബാസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് എല്ലാം ശാന്തമായിരുന്നു. വെള്ളിയാഴ്ച റെയ്ഡ് ആരംഭിച്ചതോടെയാണ് സാഹചര്യങ്ങള്‍ കൈവിട്ടുപോയതെന്നും കാരന് ബാസ് പറഞ്ഞു.