ധർമ്മശാല: സാധാരണയായി ഒരു വീട്ടിലോ കൂട്ടുകാരിലോ ഒരേ പേരുള്ള രണ്ടുപേരുണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു നഗരസഭയുടെ ഭരണചക്രം തിരിക്കാൻ ഒരേ പേരുള്ള അഞ്ച് പേർ ഒന്നിച്ച് ഒരേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കൗതുകകരമായിരിക്കുകയാണ് ആന്തൂർ നഗരസഭയുടെ സത്യപ്രതിജ്ഞാ വേദിയിൽ. ഇവിടെ അക്ഷരാർത്ഥത്തിൽ കണ്ടത് ഒരു 'പേര് പെരുമ' തന്നെയാണ്.
"പ്രേമൻ" - ആന്തൂരിന്റെ ഭരണസാരഥ്യത്തിലേക്ക് ഇത്തവണ എത്തിയത് അഞ്ച് പ്രേമന്മാരാണ്. ഒരാൾ പേര് ചൊല്ലി മാറുമ്പോൾ അടുത്തയാൾ വരുന്നത് അതേ പേരുമായി. ഇത് കേട്ടുനിന്നവരിലും കൗതുകമായി മാറി.
ഈ അഞ്ചുപേരും ജീവിതത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിവിധ മേഖലകളിൽ നിന്നാ ന്നെങ്കിലും ഇവരുടെ ലക്ഷ്യം ഒന്നാണ്. അത് നാടിൻ്റെ വികസനമാണ്.
തളിയിൽ വാർഡിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കെ.വി. പ്രേമരാജൻ മാസ്റ്റർ ഒരു റിട്ടയേർഡ് പ്രധാനാധ്യാപകനാണ്. കഴിഞ്ഞ ഭരണസമിതിയിലെ വികസനകാര്യ അമരക്കാരനായിരുന്ന അദ്ദേഹത്തിന് ഭരണപരിചയം കൈമുതലായുണ്ട്.
സി.എച്ച്. നഗർ വാർഡിനെ പ്രതിനിധീകരിക്കുന്ന എ.വി. പ്രേമവല്ലിയാണ് ഈ ഗ്രൂപ്പിലെ വനിതാ താരം. മോറാഴ വീവേഴ്സ് സൊസൈറ്റിയിലെ നെയ്ത്ത് തൊഴിലാളിയായ ഇവർ തൊഴിലാളി വർഗ്ഗത്തിന്റെ ശബ്ദമായി കൗൺസിലിലുണ്ടാകും.
ബക്കളം വാർഡിൽ നിന്നും എത്തിയ ടി.വി. പ്രേമരാജൻ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ജനസേവനത്തിനായി ഇറങ്ങിത്തിരിച്ച വ്യക്തിയാണ്.പുന്നക്കുളങ്ങരയിൽ നിന്നുള്ള എ.വി. പ്രേമൻ ബാങ്കിംഗ് മേഖലയിലെയും കർഷക തൊഴിലാളി യൂണിയനിലെയും സജീവ സാന്നിധ്യമാണ്. ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ട്.
പൊടിക്കുണ്ട് വാർഡിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കെ. പ്രേമരാജൻ സഹകരണ ബാങ്കിലെ സേവനത്തിന് ശേഷമാണ് നഗരസഭയിലേക്ക് എത്തുന്നത്.
അഞ്ചുപേർക്കും ഒരേ പേര് വന്നത് മാത്രമല്ല സവിശേഷത. ഇതിൽ കെ.വി. പ്രേമരാജൻ മാസ്റ്ററും കെ. പ്രേമരാജനും തങ്ങളുടെ വാർഡുകളിൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്നതും ഈ 'പ്രേമ കൂട്ടുകെട്ടിന്റെ' തിളക്കം വർദ്ധിപ്പിക്കുന്നു.
ഒരേ പേരുള്ള അഞ്ചുപേർ കൈകോർക്കുമ്പോൾ ആന്തൂരിൽ വരാനിരിക്കുന്നത് വികസനത്തിന്റെ 'പ്രേമ' കാലമാണെന്ന് നാട്ടുകാർ പറഞ്ഞു തുടങ്ങിക്കഴിഞ്ഞു.