മസ്കറ്റ്: ഒമാൻ തീരത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് വരും ദിവസങ്ങളില്‍ കടലിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അടുത്ത മൂന്ന് ദിവസങ്ങളിൽ മേഘങ്ങളുടെ വരവ് സുൽത്താനേറ്റിനെ പരോക്ഷമായി ബാധിക്കാനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. എങ്കിലും ന്യൂനമർദ്ദം നിലവിൽ ഒമാനെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ഉഷ്ണമേഖലാ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.