ലഖ്‌നൗ: മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ ഒളിപ്പിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് ഞെട്ടിക്കുന്ന സംഭവം. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്താണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ മുസ്‌കാൻ റസ്‌തോഗിയും കാമുകൻ സാഹിൽ ശുക്ലയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് കൊടുംക്രൂരയിലേക്ക് നയിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2016ൽ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്കൻ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്.
മകളുടെയും ഭാര്യയുടെയും ജന്മദിനം ആഘോഷിക്കാൻ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായിരുന്നു സൗരഭ്. മാർച്ച് നാലിന് മുസ്കാൻ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോൾ സാഹിലിനൊപ്പം ചേർന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.