ചെന്നൈ: ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സംഗീതക്കച്ചേരികളിൽ സിനിമാ ഗാനങ്ങൾ ആലപിക്കുന്നത് നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ക്ഷേത്രോത്സവങ്ങളിൽ സിനിമാ ഗാനങ്ങൾ ആലപിക്കുന്നതിനെതിരെ വെങ്കിടേഷ് രാജൻ എന്നയാളാണ് കേസ് ഫയൽ ചെയ്തത്.
പുതുച്ചേരിയിലെ തിരുമലയാരായൻ പട്ടണം പ്രദേശത്തെ വരദരാജ പെരുമാൾ ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രപരിസരത്ത് സംഗീതക്കച്ചേരി നടന്നതായും ഇതിൽ ഭക്തിഗാനങ്ങൾക്കുപുറമെ ധാരാളം സിനിമാഗാനങ്ങൾ ആലപിക്കപ്പെട്ടതായും ഹരജിക്കാരൻ പരാതിപ്പെട്ടു. ബുധനാഴ്ച ജഡ്ജി ഭരത് ചക്രവർത്തിയുടെ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.
ക്ഷേത്രത്തിനുള്ളിൽ ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാൻ അനുവാദമുള്ളൂവെന്ന് ദേവസ്വം വകുപ്പ് വിശദീകരിച്ചു. ഇതംഗീകരിച്ച കോടതി ക്ഷേത്ര സംഗീതക്കച്ചേരികളിൽ സിനിമാ ഗാനങ്ങൾ ആലപിക്കാൻ പാടില്ലെന്നും ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂവെന്നും ഉത്തരവിട്ട് കേസ് അവസാനിപ്പിച്ചു.