ന്യൂഡൽഹി: മഹാകുംഭമേളയിൽ പങ്കെടുക്കുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
അഭിഭാഷകനായ വിശാൽ തിവാരി നൽകിയ ഹരജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുന്നത്.
കുംഭമേളയിൽ ജനുവരി 29ന് ഉണ്ടായ തിക്കിലും തിരക്കിലും 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ കൂട്ടായി പ്രവർത്തിക്കാൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാറുകൾക്കും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.