+

പെണ്‍കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്, പീഡനമറിഞ്ഞിട്ടും മാതാപിതാക്കള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് എന്തിന്? അവര്‍ വിനിമയ വസ്തുവല്ല, പ്രതിക്കൂട്ടില്‍ സ്വന്തം വീട്ടുകാരും

അടുത്തിടെ കേരളത്തില്‍ യുവതികളുടെ ആത്മഹത്യ പെരുകകയാണ്. നിത്യേനയെന്നോണം ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവരുന്നു.

കൊച്ചി: അടുത്തിടെ കേരളത്തില്‍ യുവതികളുടെ ആത്മഹത്യ പെരുകുകയാണ്. നിത്യേനയെന്നോണം ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവരുന്നു. നിറമില്ലാത്തതിന്റേയും, സൗന്ദര്യമില്ലാത്തതിന്റേയും, സ്ത്രീധനം കുറഞ്ഞുപോയതിന്റേയും, വിദ്യാഭ്യാസമില്ലാത്തതിന്റേയും പേരിലെല്ലാം ഭര്‍ത്താവില്‍ നിന്നും അയാളുടെ വീട്ടുകാരില്‍ നിന്നും നേരിടേണ്ടിവരുന്ന പീഡനമാണ് ഭൂരിഭാഗം ആത്മഹത്യകള്‍ക്കും കാരണമാകുന്നത്.

ആത്മഹത്യയ്ക്ക് പിന്നാലെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതികളുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിക്കുന്നതും പരാതി നല്‍കുന്നതും പതിവാണ്. നിരന്തരമായ പീഡനമുണ്ടായെന്നും പലപ്പോഴും മര്‍ദ്ദിക്കാറുണ്ടെന്നുമെല്ലാം പരാതിയില്‍ കാണാം. എന്നാല്‍, ഇത്രയും പീഡനമേല്‍ക്കേണ്ടിവരുമ്പോഴും അവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനും ചേര്‍ത്തുനിര്‍ത്താനും എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന ചോദ്യമുയരുകയാണ്.

പീഡനമറിഞ്ഞിട്ടും പരാതി നല്‍കുകയോ ബന്ധം അവസാനിപ്പിച്ച് അവരെ സുരക്ഷിതമാക്കുകയോ ചെയ്യാതിരിക്കുന്നത് പെണ്‍കുട്ടികളെ ഒറ്റപ്പെടുത്തുകയും അത് ആത്മഹത്യയ്ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. സമൂഹത്തിലെ മാനക്കേടോര്‍ത്ത് പെണ്‍മക്കളെ ഭര്‍ത്താവിനൊപ്പം അഡ്ജസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റാണെന്നാണ് എഴുത്തുകാരിയും അധ്യാപികയുമായ വികെ ദീപയുടെ അഭിപ്രായം. വിവാഹം എന്നത് തുല്യ പങ്കാളിത്തം ഉള്ള പരസ്പരബഹുമാനം വേണ്ട ഒന്നാണെന്നും മറിച്ച് സംഭവിക്കുകയാണെങ്കില്‍ നിന്റെ ഈ വീടും ഞങ്ങളും നിന്റേത് തന്നെയാണ്, ഒരു മാറ്റവും ഇല്ലാതെ പഴയ പോലെത്തന്നെ എന്ന ധൈര്യവുമാണ് പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കേണ്ടതെന്നും അവര്‍ പറയുന്നു.

വികെ ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്,

നിറമില്ലാത്തതിന്റെയും സൗന്ദര്യമില്ലാത്തതിന്റെയും പേരില്‍ ഭര്‍ത്താവ് നിരന്തരം കളിയാക്കി, ഉപദ്രവിച്ചു.
സ്ത്രീധനമില്ലാത്തതിന്റെ പേരില്‍ പീഡിപ്പിച്ചു, എന്നൊക്കെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അവളുടെ   വീട്ടുകാര്‍   ഉയര്‍ത്തുന്ന ആരോപണവും  നല്‍കിയ പരാതിയും ആയി വാര്‍ത്തയില്‍ കാണുന്നത്.
ഇതില്‍ നിരന്തരം എന്നൊരു വാക്ക് ഉണ്ട്...
അപ്പോള്‍ ..,
 പെണ്‍കുട്ടിയെ ഭര്‍ത്താവ് അവള്‍ക്ക്  നിറമില്ല സൗന്ദര്യമില്ല
 സ്ത്രീധനം പോര എന്നൊക്കെ പറഞ്ഞ് സ്ഥിരമായി  ഉപദ്രവിക്കുന്ന കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആദ്യമേ അറിയാം.  
പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടില്‍ വെച്ചാണ് ...
നിരന്തരം  ഭര്‍ത്താവ് ഉപദ്രവിക്കുന്നത് അറിഞ്ഞിട്ടും   പിന്നെയും എന്തിനാണ് അവളെ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക്   പെണ്‍കുട്ടിയുടെ വീട്ടുകാര്‍  പറഞ്ഞയച്ചത് എന്ന ഒരു ചോദ്യം ഉള്ളില്‍ വരുന്നു ..
ഇത്തരം വിഷമങ്ങള്‍ ഒരു പെണ്‍കുട്ടി സ്വന്തം വീട്ടുകാരുമായി പങ്കുവെക്കുമ്പോള്‍ നിയമപരമായ  പരാതി പറയേണ്ടതും ,  നീതിനേടാന്‍ ശ്രമിക്കേണ്ടതും അവള്‍ക്ക് ഒപ്പം നില്‍ക്കേണ്ടതും അവളുടെ മനുഷ്യാന്തസ്സിനും സ്ത്രീത്വത്തിനും കോട്ടം തട്ടാതെ നോക്കേണ്ടതും ആ
പെണ്‍കുട്ടി ജീവിച്ചിരിക്കുമ്പോഴാണ്. അല്ലാതെ അവള്‍
ആത്മഹത്യ ചെയ്തു കഴിഞ്ഞിട്ടല്ല.
 പല പെണ്‍ വീട്ടുകാര്‍ക്കുമതിന്  കഴിയാത്തത് ദുരഭിമാനം കൊണ്ട് മാത്രമാണ്, ആഘോഷിച്ചു നടത്തിയ വിവാഹം തകര്‍ച്ചയിലാണ് എന്നത് പുറം ലോകമറിയുമല്ലോ എന്ന മാനക്കേടിന്റെ  ദുരഭിമാനം.. പെണ്‍കുട്ടികളുടെ സഹനത്തിന്റെ കാരണവും ഇത് തന്നെ.
കല്യാണം കഴിച്ചു കൊടുത്താല്‍ പിന്നെ  പലപ്പോഴും പെണ്‍കുട്ടികളോടും അവര്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളോടും  ഒരു തരം ഡിറ്റാച്ച്ഡ് മാനസികാവസ്ഥ  പല വീടുകളും  വച്ചു പുലര്‍ത്തുന്നുണ്ട്..
പെണ്‍കുട്ടികള്‍ കല്യാണത്തിലെ  വിനിമയവസ്തു അല്ല. ഇത്തരത്തിലുള്ള യാതൊരുവിധ തരംതാഴ്ത്തലുകളും സഹിക്കേണ്ടവരുമല്ല എന്ന തിരിച്ചറിവും. ,
 വിവാഹം എന്നത് തുല്യ പങ്കാളിത്തം ഉള്ള പരസ്പരബഹുമാനം വേണ്ട ഒന്നാണെന്നും മറിച്ച് സംഭവിക്കുകയാണെങ്കില്‍ ' നിന്റെ ഈ വീടും ഞങ്ങളും നിന്റേത്  തന്നെയാണ് ,ഒരു മാറ്റവും ഇല്ലാതെ പഴയ പോലെത്തന്നെ . 'എന്ന ധൈര്യവുമാണ്  പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കേണ്ടത്.
എന്റെ പരിചയത്തില്‍ ഉള്ള കോളേജ് അദ്ധ്യാപകരായ  ദമ്പതികളുടെ മകള്‍ താന്‍ ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന സ്ത്രീധന പ്രശ്‌നങ്ങള്‍ മാതാപിതാക്കളോട്  വന്നു പറഞ്ഞ നേരത്ത് അവര്‍ 'അതൊക്കെ കുറച്ച് കഴിയുമ്പൊ ശരിയായിക്കോളും ' എന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയെ  ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്. നാലാള്‍ അറിഞ്ഞാലുള്ള അഭിമാനം തകരല്‍  ആയിരുന്നു അവിടെയും പ്രശ്‌നം. ആ പെണ്‍കുട്ടി പിന്നീട്  വിഷം കഴിക്കുകയും പാതിജീവനില്‍ രക്ഷപ്പെടുകയും ചെയ്തു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച് ഭര്‍ത്താവിന്റെ കൂടെ തന്നെ വിടുകയാണ് ചെയ്തത്. ഇപ്പൊ അവള്‍ ജീവിച്ചാലും ചത്താലും വിരോധമില്ലെന്ന മട്ടില്‍ മനോരോഗിയായി നിസ്സംഗമായി ഭര്‍ത്തൃവീട്ടുകാരുടെ കുത്തുവാക്കും കേട്ട് അവിടെത്തന്നെ കഴിയുന്നു.
എന്റെ ബന്ധത്തില്‍ ഉള്ള  ഒരു  ചെറിയച്ഛന്റെ  മകള്‍ക്കും ഇത്തരം  പ്രശ്‌നം നേരിടേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം കടുത്ത  സംശയ രോഗിയാണ് ഭര്‍ത്താവ് എന്നറിഞ്ഞ് അവള്‍  ചെറിയച്ഛനെ വിളിച്ച് 'എനിക്കിത് സഹിക്കാന്‍ വയ്യ .ഞാന്‍ ആത്മഹത്യ ചെയ്യും ' എന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ ഉച്ചയ്ക്ക് ഊണ് കഴിക്കുകയായിരുന്നു ചെറിയച്ഛന്‍
' ഞാനുണ്ടാവുമ്പോ എന്തിനാ അച്ഛന്റെ കുട്ടി ആത്മഹത്യ ചെയ്യുന്നത്. ഇങ്ങ് പോരെ.' എന്നും പറഞ്ഞ്  ചോറുണ്ണുന്ന കൈ കഴുകി ഉടുമുണ്ടില്‍ തുടച്ച് ഇറങ്ങിപ്പോയി മൂപ്പര്  മകളെ ഭര്‍ത്തൃവീട്ടില്‍ നിന്നും  ഇറക്കി കൊണ്ടുവന്നു..
അന്ന് അതൊരു മഹനീയ പ്രവൃത്തി ആയിട്ടല്ല പലരും വാഴ്ത്തിയത്. പകരം ഒരു പെണ്‍കുട്ടിയുടെ ജീവിതമല്ലേ .ഒന്നൂടെ ആലോചിച്ച് ചര്‍ച്ചയ്ക്ക് ശ്രമിച്ചുടെ എന്ന് മട്ടിലായിരുന്നു സംസാരങ്ങള്‍.
'എന്റെ കുട്ടിയുടെ ജീവിതമായത് കൊണ്ട് തന്നെയാ തിരിച്ച്‌കൊണ്ട് വന്നത്. അവന് വേറെ പെണ്ണ് കിട്ടുമായിരിക്കും. ഇവള് പോയാ എനിക്ക് വേറെ മകളെ കിട്ടില്ല' എന്ന നിലപാടില്‍ ബന്ധുക്കളുടെ  ഉപദേശങ്ങള്‍ക്ക് എതിരെ ഉറച്ചു നിന്നു അദ്ദേഹം...
എന്റെ മനസ്സില്‍ പല കാര്യങ്ങള്‍  കൊണ്ടും മുന്‍പ് തന്നെ ഹീറോ ആയിരുന്ന മൂപ്പര്  ഹീറോകളുടെ ചക്രവര്‍ത്തി ആയ സംഭവം ആയിരുന്നു ഇത്...
ആളുകള്‍ പക്ഷേ അത് വിലയിരുത്തിയത്, അവന്  അത്രയല്ലേ വിദ്യാഭ്യാസമുള്ളു എന്നാണ്..
സ്‌കൂളില്‍ വിക്രസ് കാണിച്ച് എട്ടാം ക്ലാസില്‍ പഠിത്തം നിര്‍ത്തി ഇറങ്ങിപ്പോന്നതാണ് ചെറിയച്ഛന്‍ .
വിദ്യാഭ്യാസം കൂടുതലുള്ളവര്‍ ആണെന്ന് തോന്നുന്നു ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസ്സിന് തുറസ്സില്ലാതെ പലപ്പോഴും  അഭിമാനത്തിന് അടിമപ്പെട്ടു പോവുന്നത്
ആ ചെറിയച്ഛന്റെ മോള്‍ പിന്നീട് വേറെ വിവാഹം കഴിച്ച് ഭൂമിയിലെ സന്തോഷവതിയായ സ്ത്രീകളില്‍ ഒരാളായി ഭര്‍ത്താവിനൊപ്പം ഇപ്പോള്‍ ജീവിക്കുന്നു..  
വിവാഹം എന്നത് ഒരു കീഴടങ്ങല്‍ പ്രക്രിയ അല്ല എന്ന ധാരണയും, അത് തുല്യ ഉത്തരവാദിത്വം ഉള്ള ഒന്നാണെന്നും ഒട്ടും യോജിച്ച് പോവാനാവുന്നില്ലെങ്കില്‍ ഇറങ്ങി പോരണം എന്നും ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് അറിയാം..
എന്നിട്ടും,
അവര്‍ പലപ്പോഴും  തോറ്റു പിന്മാറി മരണത്തിലേയ്ക്ക് പോവുന്നത് കൃത്യസമയത്ത്  തങ്ങളെ മനസ്സിലാക്കാത്ത.., ചേര്‍ത്തു പിടിക്കാത്ത  തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരാലാണ്.
 അവരുടെ ചില മിഥ്യാഭിമാനങ്ങളാലാണ്..അത് വിജയിപ്പിക്കേണ്ട ബാധ്യത  അസഹനീയമാകുമ്പോഴാണ്...
തിരിച്ചു വന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലിയ്ക്ക്  പ്രാപ്തി ആക്കിയിട്ടല്ല മാതാപിതാക്കള്‍ തങ്ങളെ വിവാഹം കഴിപ്പിച്ചയച്ചത് എന്നതിനാലാണ് ..
ഇവിടെ ഭര്‍ത്താവ് അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.
ശിക്ഷയും കിട്ടും.
ശിക്ഷയുടെ കാലാവധിയ്ക്ക് ഒരു പരിധി ഉണ്ട്...
അയാള്‍ തിരിച്ചു വരും ...
പക്ഷേ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി ഇനി തിരിച്ച് വരില്ല..
 മരിച്ചു പോയ പെണ്‍കുട്ടികള്‍ ആരും തിരിച്ച് വരില്ല ..
അത് ഓര്‍ത്തു കൊണ്ട്,
കേള്‍ക്കേണ്ട സമയത്ത് അവളുടെ പ്രിയപ്പെട്ടവര്‍ അവളെ  കേള്‍ക്കണം.
കൂടെ നില്‍ക്കണം..
അവളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഒന്നിലേക്കും അവളെ  രണ്ടാംവട്ടം ഇട്ടു കൊടുക്കത്..
തള്ളി വിടരുത്.
മരിച്ചിട്ടല്ല,.....,
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ നിയമ വഴിയ്ക്ക് പരാതി നല്‍കാന്‍ അവള്‍ക്കൊപ്പം  നില്‍ക്കലാണ് അവള്‍ക്ക് നീതി നേടി കൊടുക്കല്‍...
(ഈ വാര്‍ത്തയുടെ അടിയില്‍ വന്ന പരസ്യം വിവാഹത്തിന്റേതാണ് '
അതാണ് ലോകം..
ആത്മഹത്യയൊക്കെ അതിന്റെ പാട്ടിന് നടക്കും, നിങ്ങള് വരൂ നമുക്ക് കല്യാണം കഴിക്കാം എന്ന പോലെ....)

 

facebook twitter