മുംബൈ : മഹാരാഷ്ട്രയിൽ 2011ൽ മൂന്ന് സ്ഥലങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 27പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബീഹാർ സ്വദേശി കഫീൽ അഹമ്മദ് മുഹമ്മദ് അയൂബിന് (65) ബോംബെ ഹൈകോടതി ജാമ്യം നൽകി. ജസ്റ്റിസുമാരായ അജയ് ഗഡ്കരി, ആർ.ആർ. ഭോൺസാലെ എന്നിവരുടെ ബെഞ്ചാണ് ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ ജാമ്യം അനുവദിച്ചത്. 13 വർഷമായി അയൂബ് ജയിലിലാണ്.
2022ൽ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലിലാണ് ഹൈകോടതി വിധി. 2011 ജൂലൈ 13ന് ജവേരി ബസാർ, ഒപേര ഹൗസ്, ദാദർ കബുതർഖാന എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്. ഇന്ത്യൻ മുജാഹിദീനാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്നും സ്ഥാപക നേതാവ് യാസിൻ ഭട്കലിന്റെ അടുത്തയാളാണ് യാകൂബെന്നുമാണ് എ.ടി.എസിന്റെ ആരോപണം.