സംഘർഷം പൊട്ടിപ്പുറപ്പെട്ട മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സമാധാനം പാലിക്കണമെന്നും കിംവദന്തികൾ വിശ്വസിക്കരുതെന്നും ജനങ്ങളോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.നിലവിൽ സംസ്ഥനത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഔറംഗസേബ് വിഷയത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥം കത്തിച്ചുവെന്ന അഭ്യൂഹങ്ങളാണ്, കഴിഞ്ഞ ദിവസം വൈകുന്നേരം മധ്യ നാഗ്പൂരിലെ നിരവധി പ്രദേശങ്ങളിൽ അക്രമ പരമ്പരയ്ക്ക് തുടക്കമിട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
“നാഗ്പൂർ സമാധാനപരമായ ഒരു നഗരമാണ്, അവിടെ ആളുകൾ പരസ്പരം സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നു, അത് നാഗ്പൂരിന്റെ പാരമ്പര്യമാണ്. ഒരു കിംവദന്തിയും വിശ്വസിക്കരുത്,” മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.
“കുറച്ച് ആളുകൾ കല്ലെറിഞ്ഞു, പോലീസിനു നേരെ പോലും. ഇത് തെറ്റാണ്,” അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് പേർക്ക് പരിക്കേറ്റു. പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തി പ്രയോഗത്തിലൂടെയും അക്രമികളെ പ്രതിരോധിച്ചു. ഭരണകൂടവുമായി സഹകരിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.
ആഭ്യന്തര വകുപ്പ് വഹിക്കുന്ന ഫഡ്‌നാവിസ്, പോലീസുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ജനങ്ങളുമായി സഹകരിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.