മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ്ജാംനെറിൽ 21കാരനായ മുസ്ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി. സുലെമാൻ റഹീം ഖാനെയാണ് ഒമ്പത സംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തതായും അഞ്ച് പേർക്കായി തിരച്ചിൽ നടക്കുന്നതായും പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചക്ക് പ്രദേശത്തെ കഫേയിൽ അന്യമതക്കാരിയായ 17 കാരിക്കൊപ്പം കണ്ടതാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സുലെമാൻ ഖാനെ വാഹനത്തിൽ പിടിച്ചുകയറ്റി കൊണ്ടുപോയി മർദിച്ച ശേഷം വീടിന് മുന്നിൽ കൊണ്ടിടുകയും രക്ഷിക്കാൻ ശ്രമിച്ച പിതാവ്, മാതാവ്, സഹോദരി എന്നിവരെയും സംഘം ആക്രമിക്കുകയും ചെയ്തതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
സുലെമാനെ ജൽഗാവ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വടി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് മർദിച്ചതായും ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു. പ്രതികൾ റിമാൻഡിലാണ്. പ്രതികൾക്കെതിരെ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മകോക) ചുമത്തണമെന്നും മൃതദേഹത്തിലെ ഓരോ പരിക്കുകളും വിഡിയോയിൽ പകർത്തണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര പൊലീസിൽ ജോലി അപേക്ഷ നൽകാൻ പോയതായിരുന്നു പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ സുലൈമാൻ.