2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. അഭിഭാഷകരുമായി ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഹൈക്കോടതി വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഫഡ്നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2015-ല്‍ പ്രത്യേക കോടതി കേസില്‍ ശിക്ഷിച്ച 12 പേരെയും ബോംബെ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ബെഞ്ച് വിധിച്ചു.
2006 ജൂലൈ 11-ന് 180-ലധികം പേരുടെ മരണത്തിനിടയാക്കിയ കുറ്റകൃത്യത്തില്‍ ഉപയോഗിച്ച ബോംബുകളുടെ തരം പോലും രേഖപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും പ്രതികളെ ശിക്ഷിക്കാന്‍ ആശ്രയിച്ച തെളിവുകള്‍ നിര്‍ണായകമല്ലെന്നും ഹൈക്കോടതി പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ചു. 12 പ്രതികളില്‍ അഞ്ച് പേരുടെയും വധശിക്ഷ സ്ഥിരീകരിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷയും മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ തള്ളുകയും ചെയ്തു. പ്രധാന സാക്ഷികള്‍ വിശ്വാസയോഗ്യരല്ലെന്നും തിരിച്ചറിയല്‍ പരേഡുകള്‍ സംശയാസ്പദമാണെന്നും പീഡനത്തിലൂടെയാണ് കുറ്റസമ്മത മൊഴികള്‍ ശേഖരിച്ചതെന്നും കോടതി നിരീക്ഷിച്ചു.
തിരിച്ചറിയല്‍ പരേഡിനെക്കുറിച്ച് പ്രതിഭാഗം ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പല സാക്ഷികളും അസാധാരണമാംവിധം ദീര്‍ഘനേരം മൗനം പാലിച്ചു. ചിലര്‍ നാല് വര്‍ഷത്തിന് ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇത് അസാധാരണമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.