ബംഗളൂരു : ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മഹേഷ് ഷെട്ടി തിമറോഡിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചയാളാണ് മഹേഷ് ഷെട്ടി തിമറോഡി. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ തിമറോഡിയെ ഉഡുപ്പി ജില്ല പൊലീസാണ് അറസ്റ്റ് ചെയ്തത്. സന്തോഷിനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ബിജെപി ഉഡുപ്പി റൂറൽ മണ്ഡലം പ്രസിഡന്റ് രാജീവ് കുലാൽ നൽകിയ പരാതിയിലാണ് നടപടി.
ധർമസ്ഥല മഞ്ജുനാഥേശ്വര കോളജിലെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പതിനേഴുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി 2012 ഒക്ടോബർ ഒമ്പതിന് നേത്രാവതി നദിക്ക് സമീപം കൊല്ലപ്പെട്ടിരുന്നു. കേസിലെ ഏക പ്രതി സന്തോഷ് റാവുവിനെ 2023 ജൂൺ 16ന് ബംഗളൂരു സെഷൻസ് കോടതി പങ്കാളിത്തം തെളിയിക്കുന്നതിന് വിശ്വസനീയമായ തെളിവുകളില്ലാത്തതിനാൽ കുറ്റവിമുക്തനാക്കി. എന്നാൽ സ്വാധീനമുള്ള ധർമസ്ഥല ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെ കുടുംബം യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് കരുതുന്നവർക്ക് മുന്നിൽ നിന്ന് പൊരുതുകയാണ് തിമറോഡി.
ദുരൂഹമരണങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ അന്വേഷണത്തിന് എസ്ഐടി രൂപവത്കരിച്ചതോടെ പതിനേഴുകാരിയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് തിമറോഡിയും അനുയായികളും രംഗത്ത് വന്നു. ധർമസ്ഥല ദുരൂഹമരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ധർമസ്ഥല വിഷയത്തിനിടെയാണ് രാഷ്ട്രീയ ഹിന്ദു ജാഗരണ വേദി സ്ഥാപകനായ തിമറോഡി ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്ക് എതിരെ പരാമർശങ്ങൾ നടത്തിയത്.
ഈ കേസിൽ അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് ബുധനാഴ്ച തിമറോഡിക്ക് നോട്ടീസ് നൽകിയെങ്കിലും അത് പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുക്കാനായി വ്യാഴാഴ്ച രാവിലെ ബ്രഹ്മാവർ പൊലീസ് ഇൻസ്പെക്ടർ അശോക് മാൽഗിയുടെ നേതൃത്വത്തിൽ പൊലീസ് ബെൽത്തങ്ങാടി ഉജിരെ തിമറോഡിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി. എന്നാൽ അദ്ദേഹത്തിന്റെ അനുയായികൾ വീടിന് പുറത്ത് തടിച്ചുകൂടി സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട്, തിമറോഡി സ്വമേധയാ ഹാജരാവുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പൊലീസിന് ഉറപ്പ് നൽകി. പിന്നീട് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹേഷ് ഷെട്ടി തിമറോഡിയുടെ അറസ്റ്റ് പശ്ചാത്തലത്തിൽ ബ്രഹ്മാവർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിരോധജ്ഞ പ്രഖ്യാപിച്ചു. അന്വേഷണത്തിനിടെ ക്രമസമാധാനം ഉറപ്പാക്കാനാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ നാഗരിക സുരക്ഷാ സംഹിത, 2023 ലെ സെക്ഷൻ 163 പ്രകാരമുള്ള ഉത്തരവുകൾ പൊലീസ് സ്റ്റേഷന്റെ 500 മീറ്റർ ചുറ്റളവിലുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കുന്നു. ജില്ലയിലെ സംഘർഷഭരിതമായ അന്തരീക്ഷം കണക്കിലെടുത്ത് ഈ നടപടി അനിവാര്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.