കുക്കറിലുണ്ടാക്കാം നല്ല കലകലക്കൻ കേക്ക്

08:00 AM Apr 25, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ:
മൈദ- ഒരു കപ്പ്
കോൺഫ്ളവർ- രണ്ട് ടേബിൾസ്പൂൺ
ബേക്കിങ് പൗഡർ- ഒരു ടീസ്പൂൺ
മുട്ട- 3 എണ്ണം
പഞ്ചസാര- മുക്കാൽ കപ്പ്
ഉരുക്കിയ ബട്ടർ / റിഫൈൻഡ് ഓയിൽ – അര കപ്പ്
പാൽ– 3 ടേബിൾ സ്പൂൺ
വാനില എസൻസ്– ഒരു ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്

തയാറാക്കുന്ന വിധം:

ആദ്യമായി മൈദ, കോൺഫ്ലവർ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ഒന്നിച്ചാക്കി ഒരു അരിപ്പയിൽ കൂടി രണ്ടോ മൂന്നോ തവണ ഇടഞ്ഞ് എടുത്ത് മാറ്റിവെക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, പഞ്ചസാര, ഉരുക്കിയ ബട്ടർ, പാൽ, വാനില എസൻസ് എന്നിവ ചേർത്ത് അടിച്ചെടുക്കണം. ഇതിലേക്ക് മുൻപ് അരിച്ചെടുത്ത് മാറ്റിവെച്ചിരിക്കുന്ന പൊടി കൂടി ചേ‍ർത്ത് അരിപ്പ് ഉപയോ​ഗിച്ച് ഒന്നുകൂടി അരിച്ചെടുക്കണം. അടുത്തതായി ഒരു പ്രഷർ കുക്കറിൽ അൽപ്പം ബട്ടർ പുരട്ടി മൈദ പൊടി വിതറി ഒരു ബട്ടർ പേപ്പറോ, അലൂമിനിയം ഫോയിലോ വൃത്താകൃതിയിൽ മുറിച്ച് കുക്കറിനുള്ളിൽ വെക്കുക. ഇനി തയാറാക്കിയ മാവ് കുക്കറിലേക്ക് ഒഴിക്കുക. ഇനി കുക്ക‍ർ അടക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് വിസിൽ മാറ്റിയതിനുശേഷം വേണം കുക്കർ അടയ്ക്കാൻ എന്നതാണ്. മറ്റൊരു കാര്യം
ഒരു ദോശക്കല്ലോ, ഫ്രൈ പാനോ അടുപ്പിൽ വച്ച് ചൂടാക്കി അതിനു മുകളിലേക്ക് പ്രഷർകുക്കർ വയ്ക്കണം എന്നതാണ്. ഇത്തരത്തിൽ രണ്ട് മിനിറ്റ് തീ കൂട്ടി വച്ചതിനുശേഷം തീ കുറയ്ക്കണം. ചെറിയ ചൂടിൽ 35 മുതൽ 45 മിനിറ്റ് വരെ വരെ വേവിച്ചെടുക്കണം. നന്നായി ചൂടാറിയതിനു ശേഷം മാത്രമേ കേക്ക് കുക്കറിൽ നിന്നും ഇളക്കി എടുക്കാവൂ എന്നതും ശ്രദ്ധ വേണം. ഇതോടെ നല്ല സോഫ്റ്റ് കുക്ക‍ർ കേക്ക് റെഡി.