ആവശ്യമായ സാധനങ്ങൾ
ഓൾ പർപ്പസ് ഫ്‌ളോർ(അല്ലെങ്കിൽ മൈദ)- രണ്ട് കപ്പ്
മുട്ട -2 എണ്ണം
പാൽ – ഒന്നരക്കപ്പ്(350 എംഎൽ)
ബേക്കിങ് പൗഡർ -അര ടേബിൾ സ്പൂൺ
വെണ്ണ, അല്ലെങ്കിൽ പാചക എണ്ണ- 2 ടേബിൾ സ്പൂൺ
പഞ്ചസാര -5 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ഒരു വിസ്താരമുള്ള കുഴിഞ്ഞ പാത്രത്തിലേയ്ക്ക് ഒഴിയ്ക്കുക. മുട്ട നന്നായി അടിച്ചുപതപ്പിച്ചശേഷം ഇതിലേയ്ക്ക് മാവ്, പാൽ, ബേക്കിങ് പൗഡർ, എന്നിവ ഇതിലേയ്ക്ക് ചേർക്കുക. ഈ സമയത്ത് ഇവ ഇളക്കിക്കൂട്ടാൻ പാടില്ല. അടുത്ത പടിയായി വെണ്ണ മൈക്രോവേവിൽ വെച്ച് നന്നായി ഉരുക്കിയെടുക്കുക. ഇത് നേരത്തെ എടുത്തുവച്ച പാത്രത്തിലേയ്ക്ക് ഒഴിച്ച് ഇളക്കിച്ചേർക്കുക. മാവ് വല്ലാതെ അയഞ്ഞുപോകുന്നത്രയും ഇളക്കേണ്ടതില്ല, ഇങ്ങനെയായാൽ പാൻകേക്ക് അതിന്റെ യഥാർത്ഥ പരുവത്തിൽ കിട്ടാതെ വരും.
മാവ് തയ്യാറാക്കിക്കഴിഞ്ഞാൽ ദോശ തവ ചെറിയ തീയിൽ ചൂടാകാൻ വെയ്ക്കുക. നോൺ സ്റ്റിക് തവ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നോൺ സ്റ്റിക് തവഇല്ലെങ്കിൽ ഉപയോഗിക്കുന്ന പാനിൽ അൽപം വെണ്ണപുരട്ടുന്നത് പാൻ കേക്ക് പിടിച്ചുപോകാതിരിക്കാൻ സഹായിയ്ക്കും. പാൻ കേക്ക് നിർമ്മിയ്ക്കുന്നതിനുള്ള സൗകര്യം ഉള്ള സ്റ്റൗവാണെങ്കിൽ ചൂട് ശരിയാക്കിയശേഷം തവ വെയ്ക്കുക.
പാൻ ചൂടായോ എന്നറിയാനായി രണ്ട് തുള്ളിവെള്ളംഅതിലേയ്ക്ക് ഇറ്റിയ്ക്കുക. വെള്ളത്തുള്ളിൽ പാനിൽ നിന്നും തിളച്ച് തെറിയ്ക്കുന്നുണ്ടെങ്കിൽ മാവ് ഒഴിയ്ക്കാൻ സമയമായെന്നാണ് അർത്ഥം. മൂന്ന് ടേബിൾ സ്പൂൺ മാവ് തവയിലേയ്ക്ക് ഒഴിയ്ക്കുക. വലിപ്പം കൂടിയ കേക്കാണ് വേണ്ടതെങ്കിൽ മാവ് അൽപം കൂടുതൽ ഒഴിയ്ക്കാവുന്നതാണ്. എന്തായാലും ആദ്യം ഒഴിയ്ക്കുന്ന മാവ് ചെറിയ അളവിൽ ഒഴിയ്ക്കുന്നതാണ് നല്ലത്. മാവിനോ തവയ്‌ക്കോ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ആദ്യഘട്ടത്തിൽത്തന്നെ അറിയാൻ കഴിയും, മാവ് നഷ്ടപ്പെട്ടുപോവുകയുമില്ല.
പാൻകേക്ക് സ്വർണനിറമാകുന്നതുവരെ വേവിയ്ക്കുക, സാധാരണ രണ്ടുമിനിറ്റുകൊണ്ട് പാൻകേക്ക് പാകമാകും. ഒരുവശം വെന്തുകഴിഞ്ഞുവെന്ന് തോന്നുമ്പോൾ തിരിച്ചിട്ട് മറുവശവും വേവിയ്ക്കുക. മാവ് നല്ല പാകത്തിലാണെങ്കിൽ പാൻകേക്കുകൾക്ക് മുകളിൽ കുമിളകൾ രൂപപ്പെടും. ഈ സമയത്താണ് തിരിച്ചിടേണ്ടത്. മറുവശവും ബ്രൗൺ നിറത്തിലാകുമ്പോൾ പാനിൽ നിന്നും കേക്ക് മാറ്റുക, കൂടുതൽ ബ്രൗൺ നിറം വേണമെന്നുണ്ടെങ്കിൽ വീണ്ടും ഒന്നുകൂടി തിരിച്ചും മറിച്ചുമിട്ട് വേവിയ്ക്കാം.
ബട്ടർ, പീനട്ട് ബട്ടർ, പഴച്ചാറുകൾ, സ്വീറ്റ് യോഗർട്ട്, ഫ്രൂട്ട് ജെല്ലി, ചോക്ലേറ്റ് സിറപ്പ് എന്നിവയെല്ലാം പാൻകേക്കിനൊപ്പം ഉപയോഗിയ്ക്കാം. പാൻകേക്കിന് വ്യത്യസ്തത പകരാൻ ചോക്ലേറ്റ് ചിപ്‌സോ, പഴങ്ങളോ ചേർക്കുകയും ചെയ്യാം. ആപ്പിൾ പാൻ കേക്ക്, ബനാന പാൻ കേക്ക് തുടങ്ങിയവ എല്ലാവർക്കും ഇഷ്ടപ്പെടുന്ന പാൻ കേക്ക് വെറൈറ്റികളാണ്.