മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു; മൂവാറ്റുപുഴ , തൊടുപുഴ നദികളിൽ ജലനിരപ്പുയരും

10:16 AM May 25, 2025 |


തൊടുപുഴ: മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ആറ് ഷട്ടറുകളിൽ അഞ്ചെണ്ണവും തുറന്നു. ഇതേതുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്നോ ജലവിഭവ വകുപ്പിന്റെ ഭാഗത്ത് നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല.

എന്തുകൊണ്ടാണ് മുന്നറിയിപ്പ് നൽകാതെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത് എന്നത് വ്യക്തമല്ല. ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് പി.ആർ.ഡിക്ക് വിവരങ്ങൾ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്.

ഇന്ന് പുലർച്ചെയോടെയാണ് ഷട്ടറുകൾ തുറന്നതെന്നാണ് വിവരം. റെഡ് അലർട്ട് നിലനിൽക്കെ ഇടയ്ക്കിടെ ജലനിരപ്പ് ക്രമീകരിക്കാൻ ഷട്ടറുകൾ തുറക്കാറുണ്ട്. എന്നാൽ അഞ്ച് ഷട്ടറുകളും തുറക്കുന്ന സാഹചര്യമുണ്ടായാൽ മുന്നറിയിപ്പ് നൽകേണ്ടിയിരുന്നതാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൊടുപുഴ ആറിലേക്കാണ് വെള്ളം ആദ്യം ഒഴുകിയെത്തുന്നത്. പിന്നീട് മൂവാറ്റുപുഴ ആറിലേക്കും എത്തും. ജലനിരപ്പ് ഉയർന്നാൽ ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് പ്രതിസന്ധിയുണ്ടാകും.

അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവെന്ന് വാർത്തകൾ വന്നതോടെയാണ് പിആർഡി അറിഞ്ഞത്. പിന്നാലെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് നദികളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.