+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 24കാരന് 38 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 24കാരന് 38 വർഷം കഠിന തടവ്

മലപ്പുറം: പ്രണയം നടിച്ച്‌ പതിനേഴുകാരിയായ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 38 വർഷം കഠിന തടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയിൽ വീട്ടിൽ എം. സരുണിനെയാണ് (24) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു.

കൂടാതെ സർക്കാറിൻറെ വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം അതിജീവിതക്ക് കൂടുതൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. 2018 ജൂൺ മുതൽ 2020 ആഗസ്റ്റ് വരെ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും സ്വർണാഭരണങ്ങളും പണവും അപഹരിച്ചതായും പരാതിയുണ്ട്. അരീക്കോട് പൊലീസ് എസ്.ഐ മുഹമ്മദ് അബ്ദുൽ നാസിർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ ബിനു തോമസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ എ. ഉമേഷ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 31 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.

facebook twitter